ന്യൂഡല്‍ഹി : കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തന്റെ സാധനങ്ങള്‍ ഗസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍. തുരങ്കത്തിലൂടെ സിന്‍വറിന്റെ ഭാര്യയും കുട്ടികളും ദൃശ്യങ്ങളിലുണ്ട്.
ടെലിവിഷന്‍, വെള്ളം, തലയിണകള്‍, മെത്തകള്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ തുരങ്കത്തിലേയ്ക്ക് നീക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ഭൂഗര്‍ഭ അറയില്‍ ശൗചാലയവും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
അതേസമയം സിന്‍വര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചതാണെന്നും ഹഗാറിന്റെ പരാമര്‍ശങ്ങള്‍ നഗ്നമായ നുണകളാണെന്നും ഹമാസ് പറഞ്ഞു. കഴിഞ്ഞ ദിവസം യഹ്യ സിന്‍വര്‍ മരിക്കുന്നതിന് തൊട്ട്മുമ്പുള്ള ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തു വിട്ടിരുന്നു. തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഡിഎന്‍എ പരിശോധന നടത്തി യഹ്യ സിന്‍വര്‍ ആണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ ഏകദേശം 1,200 പേര് കൊല്ലപ്പെടുകയും 235 പേരെ ബന്ദികളാക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 40,000-ത്തിലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.