ജറുസലേം : ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യവും സുരക്ഷാ ഏജന്‍സിയും അറിയിച്ചു. സെപ്റ്റംബറില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ സമെര്‍ അബു ദഖ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യവും ഷിന് ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജന്‍സിയും സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിക്കുകയായിരുന്നു. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയ മുന്‍ ഹമാസ് ഏരിയല്‍ അറേ മേധാവി അസെം അബു റകബയുടെ പിന്‍ഗാമിയായിയിരുന്നു സമെര്‍ അബു ദഖ. ഹമാസിന്റെ നിരവധി ഡ്രോണ്‍ ആക്രമണങ്ങളില്‍ പങ്കാളിയായിരുന്നു സമീര്‍ അബു.
2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണത്തിനിടെ ദക്ഷിണ ഇസ്രയേലിലേക്ക് ഹമാസിന്റെ പാരാഗ്ലൈഡര്‍, ഡ്രോണ്‍ നുഴഞ്ഞുകയറ്റത്തിന് പിന്നില്‍ അബു ദഖയും പ്രധാന വ്യക്തിയാണെന്ന് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ മൂലം 1200 മരണങ്ങള് ഉണ്ടാവുകയും ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന നിലവിലെ യുദ്ധത്തിന് കാരണമാവുകയും ചെയ്തുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.