അഹമ്മദാബാദ് : അന്താരാഷ്ട്ര ബന്ധങ്ങളുള്ള ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് റാക്കറ്റ് പൊളിച്ച് ഗുജറാത്ത് സൈബർ ക്രൈം സെൽ. നാല് തായ്വാൻ പൗരൻമാരുൾപ്പെടെ 17 പോരെ സൈബർ സെൽ അറസ്റ്റ് ചെയ്തു. ഗുജറാത്ത് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരിൽ നിന്നു 120 മൊബൈൽ ഫോണുകളും 762 സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു.
കള്ളപ്പണം വെളുപ്പിൽ, മയക്കു മരുന്നു കടത്ത് പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടുവെന്നു കാണിച്ച് വ്യക്തികളെ മൊബൈൽ വഴി ബന്ധപ്പെട്ട് ഭയപ്പെടുത്തി പണം കവരുന്ന രീതിയാണ് സംഘം അവലംബിച്ചിരുന്നത്. ഭയന്നു ഇവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാകുന്നുവരെ വീഡിയോ കോളുകളിലൂടെ സ്കാമർമാർ നിയന്ത്രിക്കുന്നു. പിന്നീട് ഇവരുടെ പക്കൽ നിന്നു പണം കവരും.
ഏതാണ്ട് ആയിരത്തിനു മുകളിൽ ആളുകൾക്ക് ഇവരുടെ വലയിൽ അകപ്പെട്ട് പണം നഷ്ടപ്പെട്ടതായി പൊലീസ് പറയുന്നു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘമാണ് പിടിയിലായത്. മൊബൈൽ ആപ്പുകൾ ഉപയോഗിച്ചുള്ള ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം നടന്നതായും പൊലീസ് വ്യക്തമാക്കി.