കൊളംബോ : ഫലകങ്ങളിലോ മറ്റിടങ്ങളിലോ രാഷ്ട്രപതിയുടെ ഫോട്ടോകളോ സന്ദേശങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറേറിയറ്റില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന് പ്രസിഡന്റ് കുമാര ദിസനായകെയുടെ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രസിഡന്റ് ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി.
എല്ലാ മന്ത്രാലയ സെക്രട്ടറിമാര്‍, പ്രവിശ്യാ ചീഫ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, സര്‍ക്കാര്‍ കോര്‍പ്പറേഷനുകളുടെ ചെയര്പേഴ്സണ്മാര്, സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് മേധാവികള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മേധാവികള്‍ എന്നിവര്‍ക്ക് പുതിയ ഉത്തരവിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി രേഖാമൂലം അറിയിച്ചിട്ടുണ്ട്. പ്രസിഡന്റായി കഴിഞ്ഞ മാസം ചുമതലയേറ്റശേഷം കൊളംബോ ഫോര്‍ട്ട് പ്രസിഡന്റ് ഹൗസിന് ചുറ്റുമുള്ള റോഡുകള്‍ വീണ്ടും തുറക്കാന്‍ ദിസനായകെ ഉത്തരവിട്ടിരുന്നു,
രാഷ്ട്രപതി ഭവനും പരിസര പ്രദേശങ്ങളും അതീവ സുരക്ഷാ മേഖലയായി തരംതിരിക്കുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ദിസനായകെ പ്രസിഡന്റ് ആയി ചുമതലയേറ്റെടുത്തതിന് ശേഷം ഈ മേഖലകള്‍ തുറന്നു കൊടുക്കുകയായിരുന്നു. മുന്‍ സര്‍ക്കാരുകള്‍ ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങള്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രമായി അനുവദിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ദിസനായക നിര്‍ദേശം നല്‍കിയിരുന്നു.