ജെറുസലേം : ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, കമാന്‍ഡര്‍ സമി ഔദെ എന്നിവരെയും വധിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും (ഐഡിഎഫ്) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി(ഐഎസ്എ)യും അറിയിച്ചു.
മൂന്ന് മാസം മുമ്പ്, ഗാസ മുനമ്പില്‍ ഐഡിഎഫും ഐഎസ്എയും നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. സേന വിന്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തിയിരുന്ന, ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു മുഷ്താഹയെന്ന് സൈന്യം അറിയിച്ചു.
ഹമാസിന്റെ തലവന്‍ യാഹ്യാ സിന്‍വറിന്റെ ഏറ്റവും വിശ്വസ്തനും വലംകൈയുമായിരുന്നു റൗഹി മുഷ്താഹ. വടക്കന്‍ ഗാസ മുനമ്പിലെ ഹമാസ് ഒളിത്താവളമായി പ്രവര്‍ത്തിച്ചിരുന്ന ഭൂഗര്‍ഭകേന്ദ്രത്തിലേക്ക് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. 2015ല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുഷ്താഹയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.