തെൽ അവീവ്: ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ. ജനങ്ങളെ ഇസ്രായേൽ ബങ്കറുകളിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. അധിനിവേശ ഭൂമിയുടെ ഹൃദയത്തിൽ ആക്രമണം നടത്തിയതായി റവല്യൂഷണറി ഗാർഡ് പറഞ്ഞു. ജറുസലേമിൽ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോഗം ചേരുകയാണ്.
ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് വ്യക്തമാക്കി. സമയബന്ധിതമായി ഇറാനെതിരെ തിരിച്ചടി നടത്തുമെന്ന് ഇസ്രായേൽ സൈനികവക്താവ് അറിയിച്ചു. ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകി. ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. തുടർച്ചയായെത്തിയ മിസൈലുകളുടെ വരവ് നിലവിൽ അവസാനിച്ചു.
അറിയിപ്പ് ലഭിക്കുന്നത് വരെ സുരക്ഷിതസ്ഥാനങ്ങളിൽ തുടരാൻ ജനങ്ങൾക്ക് നിർദേശം നൽകി. ഈ നിമിഷത്തെക്കുറിച്ചോർത്ത് ഇറാൻ ഖേദിക്കുമെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രി അറിയിച്ചു. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ രംഗത്തെത്തി. യുഎസ് സൈനിക കേന്ദ്രങ്ങളെ ഇറാൻ മിസൈലുകൾ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പെൻ്റഗൺ വൃത്തങ്ങൾ അറിയിച്ചു. ഇറാൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പെൻ്റഗൺ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ മന്ത്രിമാരെല്ലാം ബങ്കറുകളിലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ തെൽ അവീവിലുണ്ടായ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് പിന്നിൽ രണ്ടുപേരാണെന്നും ഇവരെ വധിച്ചെന്നും ഇസ്രായേൽ അറിയിച്ചു.