ഗാസ സിറ്റി: ഗാസയിലെ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ 22 പലസ്തീനികൾ കൊല്ലപ്പെട്ടു. അഭയാർഥികൾ താമസിക്കുന്ന ഗാസ സിറ്റിയിലെ സൈത്തൂൻ സ്കൂളിന് നേരെയായിരുന്നു അധിനിവേശ സേനയുടെ ബോംബിങ്. 13 കുട്ടികളും ആറ് സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഒമ്പത് കുട്ടികളടക്കം 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയിൽ ഇതുവരെ 41,391 പേരാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 95,760 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദക്ഷിണ ലബനാന്റെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇന്നലെ വൈകീട്ടും അർധരാത്രിയുമാണ് ആക്രമണം. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ബൈറൂത്തിൽ കഴിഞ്ഞ ദിവസം 37 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം. ഹിസ്ബുല്ലയുടെ ഭാഗത്തു നിന്നുള്ള തിരിച്ചടി മുന്നിൽ കണ്ടാണ് ദക്ഷിണ ലബനാനു നേർക്ക് ആക്രമണം കടുപ്പിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി തെൽ അവീവിൽ നെതന്യാഹുവന്റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. വടക്കൻ അതിർത്തി മേഖലയിൽ ഹിസ്ബുല്ല സാന്നിധ്യം കുറക്കാൻ സൈനിക നടപടി അനിവാര്യമാണെന്ന് യോഗം വിലയിരുത്തിയതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം പരമാവധി ജാഗ്രത പുലർത്താനും സൈന്യം നിർദേശിച്ചിട്ടുണ്ട്.
അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ സ്കൂളുകൾ ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും നാളെയും അടച്ചിടും. വടക്കൻ ഇസ്രായേലിന് നേരെ ശനിയാഴ്ച രാത്രി നിരവധി റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ റാമത് ഡേവിഡ് വ്യോമതാവളത്തിൽ റോക്കറ്റ് പതിച്ചതായും ഹിസ്ബുല്ല അവകാശപ്പെട്ടു. ബൈറൂത്തിനു നേരെ ഇസ്രായേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ തങ്ങളുടെ രണ്ട് ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ട കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇബ്രാഹിം ആഖിൽ, അഹമ്മദ് മഹമൂദ് വഹാബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ റദ്വാൻ സേനയുടെ മുതിർന്ന കമാൻഡറാണ് വഹാബി. ഹിസ്ബുല്ലയുടെ ഏറ്റവും ഉയർന്ന സൈനിക വിഭാഗമായ ജിഹാദ് കൗൺസിൽ അംഗമാണ് ഇബ്രാഹീം ആഖിൽ.