ധാക്ക: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് നായകൻ മഷ്റഫെ മൊര്‍ത്താസയുടെ വീട് അഗ്നിക്കിരയാക്കി ജനക്കൂട്ടം. രാജിവെച്ച് രാജ്യംവിട്ട പ്രധാമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി എംപിയായിരുന്നു മൊര്‍ത്താസ. ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം അവാമി ലീഗിനായി മത്സരിച്ചു ജയിച്ചത്. തുടര്‍ച്ചയായി രണ്ടുതവണയാണ് ഇവിടെ വിജയിച്ചത്. ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം, മൊര്‍ത്താസ 2018 ല്‍ അവാമി ലീഗില്‍ ചേരുകയായിരുന്നു.
ക്രിക്കറ്റ് കരിയറില്‍ 36 ടെസ്റ്റുകളും 220 ഏകദിനങ്ങളും 54 ടി20യും ബംഗ്ലാദേശിനായി മഷ്റഫി മൊര്‍ത്താസ കളിച്ചിട്ടുണ്ട്. 390 അന്താരാഷ്ട്ര വിക്കറ്റുകളും 2,955 റണ്‍സും അദ്ദേഹം നേടി. വിവിധ ഫോര്‍മാറ്റുകളിലായി 117 മത്സരങ്ങളില്‍ മൊര്‍ത്താസ ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്.അതേ സമയം, മൊര്‍ത്താസയുടെ വീടിന് ജനക്കൂക്കം തീയിട്ട ചിത്രം ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിറ്റണ്‍ ദാസിന്റെ വീടെന്ന നിലയില്‍ വ്യാജ വാര്‍ത്തകള്‍ പരക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹിന്ദു സമുദായത്തില്‍ പെട്ട ആളായതിനാല്‍ ലിറ്റണിന്റെ വീട് ആക്രമിക്കപ്പെട്ടു എന്ന തരത്തിലാണ് വ്യാജം പ്രചരിക്കുന്നത്. നിലവിൽ, ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷവും പ്രതിഷേധക്കാര്‍ രാജ്യത്ത് അക്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ, ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലാണ് ഹസീനയ്ക്ക് ഇന്ത്യ അഭയം ഒരുക്കിയത്. ഇവര്‍ക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് ഹസീന യുകെയില്‍ അഭയം തേടിയേക്കുമെന്നാണ് വിവരം.