ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണം പടരുന്നു. തീവ്ര വലതുപക്ഷ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 400ന് മുകളിൽ കലാപകാരികൾ ഇതുവരെ അറസ്റ്റിലായി. മൂന്നാംരാജ്യക്കാരും അഭയാർഥികളും താമസിക്കുന്ന കേന്ദ്രങ്ങൾക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നേരെ ഇവർ വ്യാപക ആക്രമണമാണ് അഴിച്ചുവിടുന്നത്. കലാപത്തിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ബ്രിട്ടൻ യാത്ര ഒഴിവാക്കാൻ തങ്ങളുടെ പൗരൻമാരോട് ആവശ്യപ്പെട്ടു. ഓസ്ട്രേലിയ , നൈജീരിയ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കലാപങ്ങളുടെ തുടക്കം. സൗത്ത്പോർട്ട് നഗരത്തിൽ ഡാൻസ് ക്ലാസിനിടെ മൂന്ന് പെൺകുട്ടികൾ കുത്തേറ്റ് മരിച്ചിരുന്നു. കൂടാതെ നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിലെ പ്രതി ന്യൂനപക്ഷക്കാരനും കുടിയേറ്റക്കാരനുമാണെന്ന വ്യാജ സന്ദേശം ഓൺലൈനിൽ പരന്നതോടെയാണ് കലാപകാരികൾ അഴിഞ്ഞാടാൻ തുടങ്ങിയത്.കഴിഞ്ഞ ചൊവ്വാഴ്ച സൗത്ത് പോർട്ട് ഇസ്ലാമിക് സൊസൈറ്റിയുടെ പള്ളിക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. ഇതിന് പിന്നീട് ബ്രിട്ടനിലാകെ പടരുകയായിരുന്നു. ലണ്ടൻ, ലിവർപൂൾ, ലീഡ്സ്, ബ്രിസ്റ്റൾ, മാഞ്ചസ്റ്റർ, സണ്ടർലാൻഡ്, ബ്ലാക്ക്പൂൾ, റോത്തർഹാം എന്നിവിടങ്ങളിലായി അഭയാർഥികൾ താമസിക്കുന്ന സ്ഥലങ്ങളും ആക്രമണത്തിനിരയായി. കലാപകാരികളുടെ ആക്രമണത്തിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റു.
ടെലഗ്രാം ചാനലുകളും വാട്ട്സ്ആപ്പും വഴിയാണ് കലാപകാരികൾ ആളുകളെ സംഘടിപ്പിക്കുന്നത്. ‘മതി മതി’, ‘നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കൂ’, ‘ബോട്ടുകൾ തടയൂ’ തുടങ്ങിയ കൺസർവേറ്റീവ് സർക്കാർ ഉയർത്തിയ കുടിയേറ്റ മുദ്രാവാക്യങ്ങളുമാണ് കലാപകാരികളും മുഴക്കുന്നത്.
മൂന്ന് പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യഥാർഥ പ്രതി ബ്രിട്ടനിൽ ജനിച്ചുവളർന്ന ആക്സൽ റുഡകുബാന എന്ന 17കാരനാണ്. ആക്സലിന്റെ മാതാപിതാക്കൾ റുവാണ്ടയിൽനിന്ന് കുടിയേറിയവരാണ്. ഇയാൾക്കെതിരെ മൂന്ന് കൊലപാതക കുറ്റവും 10 കൊലപാതക ശ്രമവുമാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ, കൊലപാതകത്തിന് പിന്നിൽ മുസ്ലിമാണെന്ന് പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ടോമി റോബിൻസൺ, ലോറൻസ് ഫോക്സ് തുടങ്ങിയ തീവ്ര വലതുപക്ഷ പ്രചാരകർ ഇതിന് തീ പകർന്നു. ഇതോടെ മുഖംമൂടി ധരിച്ച നൂറുകണക്കിന് ആളുകൾ സൗത്ത്പോർട്ട് ഇസ്ലാമിക് പള്ളിക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.ശനിയാഴ്ചാ ഹൾ, ലിവർപൂൾ, ബ്രിസ്റ്റൾ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. 100ഓളം പേരെയാണ് ഇവിടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തത്. ഞായറാഴ്ച റോത്തർഹാമിലും ടാംവർത്തിലും അഭയാർഥികൾ താമസിക്കുന്ന ഹോട്ടലുകൾ പടക്കങ്ങളും പുക ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമിച്ചു. അകത്ത് കുടുങ്ങിയവരെ തീയിട്ട് കൊല്ലാനും ശ്രമമുണ്ടായി.
കലാപം അടിച്ചമർത്താൻ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. കലാപകാരികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്. വ്യക്തികളെ റിമാൻഡ് ചെയ്യും. അതിനുശേഷം കുറ്റം ചുമത്തും. തുടർന്ന് വിചാരണ നടക്കും. ഈ രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതരായി നിൽക്കാൻ അവകാശമുണ്ട്. ചർമത്തിന്റെ നിറവും നിങ്ങളുടെ വിശ്വാസവും കാരണം ലക്ഷ്യമിടുമ്പോൾ അവർ നേരിടുന്ന ഭയം ഞാൻ മനസ്സിലാക്കുകയാണ്. അക്രമാകരികളായ ജനക്കൂട്ടം ഈ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് നിങ്ങൾ അറിയണം. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി പറഞ്ഞു.