കൊച്ചി: ക്യാൻസർ ചികിത്സാ രംഗത്തെ വിപ്ലവകരമായ നേട്ടമായ കാർ – ടി സെൽ തെറാപ്പി കേരളത്തിൽ ആദ്യമായി ആരംഭിച്ച കൊച്ചി അമൃത ആശുപത്രി കാർ-ടി സെൽ തെറാപ്പിയ്ക്കായി പ്രത്യേക സെന്റർ ഓഫ് എക്സലൻസ് തുടങ്ങുന്നു.സെന്ററിന്റെ ഉദ്ഘാടനം ജൂലൈ 6 ന് രാവിലെ 10 മണിക്ക് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ അധ്യക്ഷത വഹിക്കും.
സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കാർ ടി സെൽ തെറാപ്പിയെപ്പറ്റിയുള്ള സിംപോസിയവും സംഘടിപ്പിച്ചിട്ടുണ്ട്. 6ന് വൈകീട്ട് 4 മണിക്ക് ലെ മെറീഡിയനിൽ നടക്കുന്ന സിംപോസിയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ചർച്ചകൾക്ക് നേതൃത്വം നൽകും.ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി സെല്ലുകളിൽ ജനിതക മാറ്റങ്ങൾ വരുത്തി അർബുദത്തിനെതിരെ പൊരുതാൻ പ്രാപ്തമാക്കുന്ന നൂതന ചികിത്സാ രീതിയാണ് കാർ-ടി സെൽ തെറാപ്പി. രക്തത്തിൽ കാണുന്ന ലിംഫോസൈറ്റാണ് കാൻസറിനെ ഇല്ലാതാക്കാനായി ഉപയോഗിക്കുന്നത്.
രക്താർബുദം വീണ്ടും വന്ന രോഗികൾക്കാണ് കാർ-ടി സെൽ ചികിത്സ കൂടുതൽ പ്രയോജനപ്പെടുക. ഭാവിയിൽ മറ്റു ക്യാൻസറുകൾക്കും ക്യാൻസർ ഇതര രോഗങ്ങൾക്കും കാർ-ടി സെൽ തെറാപ്പി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ.നീരജ് സിദ്ധാർത്ഥൻ പറഞ്ഞു. വിദേശത്ത് ഉള്ളതിനേക്കാൾ പത്തിലൊന്ന് കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ ഈ ചികിത്സ ഇപ്പോൾ ലഭ്യമാകുന്നത്.