തിരുവനന്തപുരം: ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ്. സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിവരിച്ചു.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വർഷം നീളുന്ന പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി വിവരിച്ചു.അതേസമയം 78.69 ശതമാനമാണ് ഇത്തവണത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്.
എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ 39242 പേരാണ്. കഴിഞ്ഞ വര്‍ഷം ഇത് 33815 ആയിരുന്നു. 5427 പേരുടെ വര്‍ധനയുണ്ട്.ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം. ഇത്തവണ സയൻസ് വിഭാഗത്തില്‍ മാത്രമായി 189411 പേര് പരീക്ഷയെഴുതിതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 76835 പേര് പരീക്ഷ എഴുതിയതില്‍ 51144 ഉന്നത പഠനത്തിന് അര്‍ഹത നേടി. വി എച്ച് എസ് ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്റെ കുറവാണുണ്ടായത്.
പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.