ടെൽഅവിവ്: ഇറാനെതിരെ പ്രത്യാക്രമണത്തിന് ഒരുങ്ങി ഇസ്രായേൽ. വ്യാപകയുദ്ധത്തിലേക്ക് പോകാത്തവിധം കൃത്യവും പരിമിതവുമായിരിക്കും പ്രത്യാക്രമണമെന്ന് ഇസ്രായേൽ അമേരിക്കയെ അറിയിച്ചു. ഇസ്രായേലാണ് തീരുമാനിക്കേണ്ടതെന്നും അതേ സമയം യുദ്ധവ്യാപ്തി തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്.
ഇന്നലെ ചേർന്ന മൂന്നുമണിക്കൂർ നീണ്ട ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിലാണ് ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ ധാരണ. തിരിച്ചടിയുടെ സ്വഭാവവും വ്യാപ്തിയും നിർണയിച്ചിട്ടില്ല. ഇന്ന് വീണ്ടും യുദ്ധകാര്യ മന്ത്രിസഭ യോഗം ചേരും. നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ച് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയ ഇറാൻ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് സൈനികമേധാവി റവ് അലുഫ് ഹെർസി ഹലേവി പറഞ്ഞു. ഇറാന്റെ ആക്രമണം നടന്ന നവാതിം എയർബേസ് സന്ദർശിച്ചാണ് സൈനിക മേധാവിയുടെ പ്രതികരണം. ഇറാനെ അക്രമിക്കാനുളള തീരുമാനം ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ അറിയിച്ചു. പ്രത്യാക്രമണം തീരുമാനിക്കേണ്ടത് ഇസ്രായേൽ ആണെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
അതേസമയം സംഘർഷം വ്യാപിക്കുന്നത് തടയാനാണ് അമേരിക്കയുടെ നീക്കമെന്നും പെന്റഗണ്‍ അറിയിച്ചു. അമേരിക്കയുമായി കൂടിയാലോചിച്ചാകും പ്രത്യാക്രമണ നീക്കമെന്ന് ഇസ്രായേൽ സൈനിക, രാഷ്ട്രീയ നേതൃത്വം പ്രതികരിച്ചു. അപകടകരമായ കടന്നുകയറ്റത്തിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരും തയാറാകണമെന്ന് ചൈനയും കനഡയും ആവശ്യപ്പട്ടു. സംഘർഷം വ്യാപിക്കുന്നതു തടയാൻ വിവേകപൂർണമായ നടപടി സ്വീകരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഖത്തർ അമീർ ഇറാൻ, തുർക്കി പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ചു. അമേരിക്കൻ സൈനിക മേധാവി സൗദി സൈനിക നേതൃത്വവുമായി ടെലിഫോണിൽ ചർച്ച നടത്തി.
കോൺസുലേറ്റ് ആക്രമണത്തിനുള്ള മിനിമം നടപടി മാത്രമാണ് കഴിഞ്ഞ ദിവസം നൽകിയതെന്നും പ്രത്യാക്രമണം ഉണ്ടായാൽ മാരകവും വ്യാപ്തിയുള്ളതുമായിരിക്കും മറുപടിയെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഇസ്രായേലിന് താക്കീത് നൽകി.അതിനിടെ, ഗാസയിലെ റഫക്കു നേരെയുള്ള കരയാക്രമണം തൽക്കാലം നിർത്തി വെക്കുന്നതായി ഇസ്രായേൽ അറിയിച്ചു. ഇറാനെതിരായ പ്രത്യാക്രമണ നീക്കത്തിന്റെ വെളിച്ചത്തിലാണിത്.