ഗാസ സിറ്റി : ഭക്ഷണവും വെള്ളവും കിട്ടാക്കനിയായ വടക്കൻ ഗാസയിൽ കൊടും പട്ടിണിയെന്ന് ഐക്യ രാഷ്ട്രസംഘടനാ റിപ്പോർട്ട്. പ്രദേശത്തെ 70 ശതമാനം പേരും പട്ടിണിയിലാണ്. വടക്കൻ ഗാസയിൽ ക്ഷാമം ആസന്നമാണെന്നും 18ന് ലോക ഭക്ഷ്യപരിപാടി പുറത്തിറക്കിയ റിപ്പോട്ടിൽ പറയുന്നു. ഗാസയിലെ എല്ലാവരും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വടക്കൻ ഗാസയിൽ 2,10,000 പേർ കടുത്ത പട്ടിണിയിലാണ്. റാഫയിലേക്ക് ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നത് ഗാസയിലെ 23 ലക്ഷം പേരെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ് നൽകി.
മാനുഷിക സഹായം ഇറക്കുമതി ചെയ്യാൻ ഇസ്രയേലിന്റെ കഠിന നടപടികളിലൂടെയാണ് കടന്നുപോകേണ്ടി വരുന്നതെന്ന് സഹായ ഗ്രൂപ്പുകൾ പറയുന്നു. ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണങ്ങളും ആക്രമണവുംമൂലം വടക്കൻ ഗാസയിൽ സഹായവിതരണം അസാധ്യമായി. അതേസമയം, അൽ ഷിഫ ആശുപത്രിയിൽ നാലാംതവണയും ഇസ്രയേൽ സൈന്യം വീണ്ടും കടന്നുകയറി ആക്രമണം നടത്തി. അൽജസീറ റിപ്പോർട്ടർ ഇസ്മായിൽ അൽ-ഗൗൽ അടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി. ആശുപത്രിയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,726 ആയി.