മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്’. റിലീസ് ചെയ്ത് 26 ദിവസം കൊണ്ടാട് സിനിമയുടെ ചരിത്ര നേട്ടം. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാട്ടിലും വൻ ഹിറ്റായതോടെയാണ് സ്വപ്നതുല്യമായ നേട്ടത്തിലേക്ക് ചിത്രം കുതിച്ചെത്തിയത്. കമൽഹാസന്റെ ഗുണ സിനിമയിലെ പാട്ടായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.
തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ അൻപത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോർഡും മഞ്ഞുമ്മലിന് സ്വന്തമാണ്. കേരളത്തിലെ തിയറ്ററുകളിൽ നിന്നും ലഭിച്ചത് 60 കോടി രൂപയാണ്. കേരളത്തിന് പുറത്ത് നിന്ന് 68 കോടിയും സ്വന്തമാക്കി. സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്ഷൻ ഇനിയും വർധിക്കും.
മലയാളത്തിലെ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു ‘മഞ്ഞുമ്മൽ ബോയ്സ്’. കഴിഞ്ഞ ഒരുവർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് പഴങ്കഥയാക്കിയത്. ആഗോള ബോക്സ്ഓഫിസിൽ 175 കോടിയായിരുന്നു ‘2018’ന്റെ കലക്ഷൻ. 25 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ ഈ കുതിപ്പ്. പുലിമുരുകൻ, ലൂസിഫർ, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവിൽ ഉള്ള മികച്ച കലക്ഷൻ നേടിയ മറ്റു മലയാള സിനിമകൾ.
ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രതികരണമാണ് സിനിമ നേടിയത്. മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പു കൂടി എത്തുന്നതോടെ കലക്ഷൻ മാറി മറിഞ്ഞേക്കാം. കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്.
സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിക്കുന്നത്. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയിൽ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. കമൽഹാസനുവ്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങുന്നത്.