കൊച്ചി: കോലഞ്ചേരിയിൽ കോളേജ് പരിപാടിയിൽ പ്രിൻസിപ്പൽ അപമാനിച്ചതിൽ ജാസി ഗിഫ്റ്റിന് പിന്തുണയുമായി സിനിമ ലോകവും മന്ത്രിമാരായ സജി ചെറിയാനും ആർ ബിന്ദുവും. പ്രിൻസിപ്പലിന്റെ നടപടി അപക്വമെന്നും തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. സാംസ്കാരിക കേരളത്തിന്റെ പിന്തുണ ജാസി ഗിഫ്റ്റിനുണ്ടെന്നും സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു. കലാകാരന്മാരെയും സാംസ്കാരിക നായകരെയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. മലയാള ഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
ജാസി ഗിഫ്റ്റിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാലും രംഗത്തെത്തി. പാട്ടുകാരൻ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്നുവന്ന് തടസപ്പെടുത്തുന്നത് സംസ്ക്കാരവിഹീനമായ വൃത്തികെട്ട പ്രവൃത്തിയാണെന്ന് വേണുഗോപാൽ പറഞ്ഞു. കോളജ് പ്രിൻസിപ്പലാണ് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്കമുണ്ടെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.
‘വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്’ എന്ന ഒറ്റ വരി പോസ്റ്റിലൂടെയാണ് ഗായകൻ മിഥുൻ ജയരാജ് സംഭവത്തിൽ പ്രതികരിച്ചത്. കോളേജിൽ വെച്ചുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിൽ ഉള്ളതാണെന്നും ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സംഗീത സംവിധായകൻ ശരത്ത് പറഞ്ഞു.
എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ കോളേജ് ഡേ പരിപാടിക്കിടയിലായിരുന്നു സംഭവം. ജാസി ഗിഫ്റ്റിന്റെ കൂടെ പാടാനെത്തിയ ആളെ പ്രിൻസിപ്പൽ പാടാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വേദിയിലെത്തി ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്ന് മൈക്കി തട്ടിപ്പറിച്ചായിരുന്നു പ്രിൻസിപ്പൽ പാടാൻ കഴിയില്ലെന്ന കാര്യം അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. വേദിയിൽ അപമാനം നേരിട്ടതായി ജാസി ഗിഫ്റ്റും പറഞ്ഞിരുന്നു.