ഫെബ്രുവരിയിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ തുടർച്ചയായ റിലീസുകൾക്ക് പിന്നാലെ സിനിമകൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മമ്മൂട്ടിയുടെ ഭ്രമയുഗം, ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും, ബിജു മേനോന്റെ തുണ്ട്, വിനയ് ഫോർട്ട് അഭിനയിച്ച ആട്ടം, ജയറാമിന്റെ എബ്രഹാം ഓസ്ലർ എന്നിവയെല്ലാം ഒടിടി റിലീസിനെത്തി. കൂടാതെ ബി 32 മുതൽ 44 വരെ, റാണി സിനിമകളും ഒടിടിയിലെത്തി. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ത്രില്ലറാണ് ഭ്രമയുഗം. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ, മണികണ്ഠൻ ആചാരി എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു.
ബിജു മേനോൻ പൊലീസ് വേഷത്തിലെത്തിയ തുണ്ടും ഒടിടിയിൽ എത്തി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ലഭിക്കും. നവാഗതനായ റിയാസ് ഷെരീഫ് ആണ് ചിത്രത്തിന്റെ കഥ–സംവിധാനം. ഫെബ്രുവരി 16നായിരുന്നു തിയറ്റർ റിലീസ്. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ സസ്പെൻസ് ത്രില്ലറാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഫെബ്രുവരി 9ന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉൾപ്പെടെ റിലീസ് ചെയ്ത ചിത്രം ആദ്യ വാരത്തിൽ തന്നെ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ബോക്സ്ഓഫിസിൽ നിന്നും 40 കോടിയലധികം നേടുകയും ചെയ്തു.
രാജ്യാന്തര മേളകളിലും തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയ ആനന്ദ് ഏകർഷി ചിത്രമാണ് ആട്ടം. ആമസോൺ പ്രൈമിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയറാം നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘എബ്രഹാം ഓസ്ലർ’ അടുത്ത ആഴ്ച സ്ട്രീമിങ് ആരംഭിക്കും. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാർച്ച് 20 മുതലാണ് സ്ട്രീമിങ്.
പെൺശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും പറയുന്ന ചിത്രമാണ് ബി 32 മുതൽ 44 വരെ. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം സംസ്ഥാന സർക്കാരിൻറെ വിമെൻ സിനിമ പ്രോജക്ടിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനാണ് നിർമിച്ചത്. രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ സി സ്പേസ് ഒടിടിയിലൂടെയും പുതിയ സിനിമകൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ബി 32 മുതൽ 44 വരെ അടക്കം നാൽപത്തിരണ്ടോളം ചിത്രങ്ങൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകും.