ഹൈദരാബാദ്: മലയാള സിനിമ ഇൻഡസ്ട്രി മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് പ്രമുഖ സംവിധായകൻ എസ്. എസ് രാജമൗലി. ഹെെദരാബാദിൽ നടന്ന പ്രേമലു സക്സസ് പാർട്ടിയിലാണ് പ്രതികരണം. പ്രേമലുവിൽ ആദി എന്ന കഥാപാത്രമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും രാജമൗലി പറഞ്ഞു. ‘മലയാളം സിനിമ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു. ഈ ചിത്രം തിയേറ്ററുകളിൽ കാണുമ്പോഴാണ് കൂടുതൽ ആസ്വാദ്യകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സിനിമ കണ്ട് ഇത്രയധികം ചിരിച്ചത് എപ്പോഴാണെന്ന് ഓർമയില്ലെന്ന് നടൻ മഹേഷ് ബാബു പറഞ്ഞു. യുവതാരങ്ങളുടെ അഭിനയത്തെയും നടൻ പ്രശംസിച്ചു. ‘പ്രേമലു‘വിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണം സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ കാർത്തികേയ ആണ് ഏറ്റെടുത്തിരിക്കുന്നത്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലിനും മമിത ബെെജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പ്രേമലു’. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.