കൊച്ചി: ഭാഷയുടെ അതിരുകളില്ല, പ്രണയ രംഗങ്ങളില്ല, ഫൈറ്റ് സീനുകൾ ഇല്ല. പക്ഷെ സൗബിനും കൂട്ടുകാരും തിയ്യറ്ററുകളിൽ നിറഞ്ഞാടിയപ്പോൾ മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സ് റെക്കോർഡുകൾ ഭേദിച്ചു കുതിക്കുന്നു. റിലീസ് ചെയ്ത് 12ാം ദിവസം സിനിമയുടെ ആഗോള കളക്ഷൻ 100 കോടിയിലെത്തി. കേരളത്തിന് പുറമേ മറ്റു ഭാഷകളിലും വിദേശത്തും സിനിമ വൻ വിജയമായിരിക്കുകയാണ്. തമിഴ് സിനിമാതാരങ്ങളും പ്രശംസയുമായി എത്തിയതോടെ തിയ്യറ്ററുകൾ ഹൗസ് ഫുൾ ആയി പ്രദർശനം തുടരുകയാണ്. ഇതുവരെ 15 കോടിയിലേറെ രൂപ തമിഴ്നാട്ടിൽ നിന്ന് മാത്രം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് 56 കോടിക്ക് മുകളിലും വിദേശ രാജ്യങ്ങളിൽ നിന്നായി 40 കോടിക്ക് മുകളിലുമാണ് കളക്ഷൻ. 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാളം സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. 2018, ലൂസിഫർ, പുലിമുരുഗൻ എന്നിവയാണ് ഇതിന് മുമ്പ് നേട്ടം ഈ കൈവരിച്ച സിനിമകൾ. ഈ ട്രെൻഡിൽ മുന്നോട്ട് പോയാൽ ഇതുവരെ ഏറ്റവും വലിയ കളക്ഷൻ നേടിയ 2018 എന്ന സിനിമയുടെ റെക്കോർഡും മഞ്ഞുമ്മൽ ബോയ്സ് മറികടന്നേക്കും. മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് പതിപ്പും റിലീസിന് ഒരുങ്ങുകയാണ്.