മോസ്കോ: റഷ്യയിലെ പ്രതിപക്ഷത്തിന്റെ മുഖമായിരുന്ന അലക്സി നവൽനിയുടെ മരണകാരണം ഹൃദയത്തിലേറ്റ ഒറ്റ ഇടിയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ. യു.എസ്.എസ്.ആറിന്റെ കുപ്രസിദ്ധ ചാരസംഘടനയായിരുന്ന കെ.ജി.ബി ഉപയോഗിച്ചിരുന്ന രീതിയായിരുന്നു ഇതെന്നും മനുഷ്യാവകാശ സംഘടനയായ ഗുലാഗു.നെറ്റ് സ്ഥാപകൻ വ്ളാദിമിർ ഓസെച്ച്കിൻ ടൈംസ് ഓഫ് ലണ്ടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കെ.ജി.ബിയുടെ പ്രത്യേക ദൗത്യ സംഘത്തിന്റെ രീതിയാണിത്. ശരീരത്തിന്റെ മധ്യഭാഗത്ത് ഹൃദയത്തിലേക്ക് നേരിട്ട് ആഘാതമെത്തുന്ന രീതിയിൽ ഇടിക്കാൻ അവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. കെ.ജി.ബിയുടെ മുഖ്യമുദ്രയായിരുന്നു ഈ രീതിയെന്നും ഓസെച്ച്കിൻ പറഞ്ഞു. പുടിൻ വിമർശകനായ നവാൽനിയെ മണിക്കൂറുകളോളം വിവസ്ത്രനായി പൂജ്യം ഡിഗ്രി കാലാവസ്ഥയിൽ നിർത്തിയതായി ജയിൽ ഉദ്യോഗസ്ഥനിൽനിന്ന് തനിക്ക് രഹസ്യവിവരം ലഭിച്ചതായി ഒസെച്ച്കിൻ പറഞ്ഞു. ഇതോടെ അദ്ദേഹത്തിന്റെ രക്തചംക്രമണം വളരെ താഴ്ന്ന നിലയിലെത്തു. ഈ അവസ്ഥയിൽ ഒരാളെ കൊലപ്പെടുത്താൻ എളുപ്പത്തിൽ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദക്കുറ്റമടക്കം വിവിധ കേസുകളിലായി 30 വർഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ട നവൽനിയെ ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. മോസ്ക്കോയിൽനിന്ന് 230 കിലോമീറ്റർ അകലെയുള്ള മിലെഖോവോ അതിസുരക്ഷാ ജയിലിലാണ് നവൽനിയെ പാർപ്പിച്ചിരുന്നത്. 2023 ഡിസംബർ ആറ് മുതൽ നവൽനിയെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും അനുയായികളും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മരിച്ചതായി സർക്കാർ വ്യക്തമാക്കിയത്.
സാധാരണ ജയിലിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ വിദേശ മെഡിസിൻ ബ്യൂറോയിലേക്ക് മാറ്റാറുള്ളത്. എന്നാൽ നവൽനിയുടെ മൃതദേഹം ക്ലിനിക്കൽ ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. ഇത് അദ്ദേഹത്തിന്റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നതുകൊണ്ടാണെന്നും പേര് വെളിപ്പെടുത്താത്ത പാരാമെഡിക്കൽ സ്റ്റാഫിനെ ഉദ്ധരിച്ച് സ്വതന്ത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവൽനിയുടെ മൃതദേഹം ഇതുവരെ കുടുംബത്തിന് വിട്ടുകൊടുത്തിട്ടില്ല. മൃതദേഹം എന്ത് ചെയ്തുവെന്ന് വെളിപ്പെടുത്താൻ റഷ്യൻ അധികൃതർ തയ്യാറായിട്ടില്ല.
പൊതുദർശനവും സംസ്കാരവും ഒഴിവാക്കാൻ നവൽനിയുടെ മൃതദേഹം അധികൃതർ ജയിലിന് സമീപം തന്നെ സംസ്കരിച്ചിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളും ബന്ധുക്കളും ആരോപിക്കുന്നത്. തന്റെ ഭർത്താവിന്റെ മൃതദേഹത്തെപ്പോലും പുടിൻ പീഡിപ്പിക്കുകയാണെന്ന് നവൽനിയുടെ ഭാര്യയായ യൂലിയ നവൽനായ ശനിയാഴ്ച പുറത്തിറക്കിയ വീഡിയോയിൽ ആരോപിച്ചിരുന്നു.