ഇറ്റാനഗർ: നന്നായി കളിച്ചിട്ടും ഗോളടിക്കാനായില്ലെങ്കിൽ ഒരുകാര്യവുമില്ലെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയ ഗോവക്കാർ രണ്ടു ഗോൾ ജയത്തോടെ കളംവിട്ടു. ലക്ഷ്യത്തിലേക്ക് മൂന്നുതവണമാത്രം പന്ത് തൊടുക്കാൻ കിട്ടിയ അവസരത്തിൽ രണ്ടും ഗോവ വലയിലെത്തിച്ചു. നെസിയോ മരിസ്റ്റോ ഫെർണാണ്ടസാണ് ഇരട്ടഗോളടിച്ചത്.
മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് കേരളത്തിന്റെ കാലുകളിലായിരുന്നു. പക്ഷേ എതിർഗോൾമുഖത്ത് നിശ്ശബ്ദരായി. സന്തോഷ് ട്രോഫി ഫുട്ബോളിൽ ക്വാർട്ടർ തേടുന്ന കേരളത്തിന് തിരിച്ചടിയാണ് ഈ തോൽവി. ഗ്രൂപ്പ് എയിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓരോജയവും തോൽവിയുമായി മൂന്നു പോയിന്റാണ്. ഗോവയ്ക്ക് ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റ്.
നിജോയ്ക്ക് പരിക്ക്, ആശങ്ക
ക്യാപ്റ്റനും ആക്രമണത്തിന്റെ കുന്തമുനയുമായ നിജോ ഗിൽബർട്ടിന്റെ പരിക്ക് കേരളത്തിന് ഇരട്ട പ്രഹരമായി. ഗോവയ്ക്കെതിരെ 21–മിനിറ്റിലാണ് ഇരുപത്തിനാലുകാരന്റെ വലതുകാലിന് പരിക്കേറ്റത്. പേശിവലിവാണ്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. മേഘാലയക്കെതിരായ അടുത്ത മത്സരത്തിൽ കളിക്കാനാകുമോ എന്നുറപ്പില്ല. അസമിനെതിരെ ആദ്യകളിയിൽ ഒരു ഗോളടിക്കുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തത് ഈ കെഎസ്ഇബിക്കാരനാണ്.