മോസ്കോ : റഷ്യയുടെ കാൻസർ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.വാക്സിനുകൾ ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന് പറഞ്ഞു. ഭാവിയിലെ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഒരു ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തരത്തിലുള്ള ക്യാൻസറിനുള്ളതാണ് നിര്‍ദ്ദിഷ്ട വാക്സിനെന്നോ മറ്റു വിശദാംശങ്ങളോ പുടിന് പുറത്തുവിട്ടില്ല.
“കാൻസർ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്‍മാണത്തോട് ഞങ്ങള്‍ വളരെ അടുത്തിരിക്കുന്നു” പുടിന്റെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”വൈകാതെ തന്നെ അവ വ്യക്തിഗത ചികിത്സക്ക് ഫലപ്രദമായി ഉപയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നു,”
നിരവധി രാജ്യങ്ങളും കമ്പനികളും ക്യാന്‍സറിനായുള്ള വാക്സിനു വേണ്ടിയുള്ള പരീക്ഷണത്തിലാണ്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി യുകെ സർക്കാർ കഴിഞ്ഞ വർഷം കരാറില്‍ ഒപ്പുവച്ചിരുന്നു. 2030 ഓടെ 10000 രോഗികളെ ചികിത്സിക്കുകയാണ് ലക്ഷ്യം. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും കാന്‍സര്‍ വാക്സിന് വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ നിലവിൽ ആറ് ലൈസൻസുള്ള വാക്സിനുകൾ ഉണ്ട്, കൂടാതെ കരൾ കാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്സിനുകളും.
ഗര്‍ഭാശയമുഖ ക്യാന്‍സര്‍ തടയുന്നതിന് ഇന്ത്യ കഴിഞ്ഞ വര്‍ഷം വാക്സിന് വികസിപ്പിച്ചെടുത്തിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേർന്നാണ് ‘ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ-സെർവാവാക്’ (ക്യൂ.എച്ച്.പി.വി.) വികസിപ്പിച്ചത്. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്സിൻ ഒമ്പതു മുതൽ 14 വയസ് വരെ പ്രായമുള്ള പെൺകുട്ടികള്‍ക്കാണ് നല്‍കുന്നത്.