രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമര്‍ശം പുതിയ സിനിമയുടെ പ്രചാരണതന്ത്രമാണെന്ന വിമര്‍ശനങ്ങള്‍ തള്ളി മകള്‍ ഐശ്വര്യ രജനികാന്ത്. ഐശ്വര്യ സംവിധായകയാകുന്ന പുതിയ ചിത്രം ‘ലാല്‍ സലാം’ സിനിമയുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് വിശദീകരണം.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് അച്ഛനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഐശ്വര്യ ആദ്യം പ്രതികരിച്ചത്. അച്ഛന് സംഘി അല്ലാത്തത് കൊണ്ടാണ് ലാല്‍സലാമില്‍ അഭിനയിച്ചതെന്ന് കൂടി ഐശ്വര്യ പറഞ്ഞത് സിനിമയുടെ പ്രചാരണ തന്ത്രമെന്ന വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനങ്ങളോട് പ്രതികരിച്ച ഐശ്വര്യ, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ ധൈര്യം നല്‍കിയാണ് അച്ഛന് തങ്ങളെ വളര്‍ത്തിയതെന്നും അതുകൊണ്ട് തന്നെയാണ് അത് തുറന്ന് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. തന്ത്രം പ്രയോഗിച്ചോ രാഷ്ട്രീയം പറഞ്ഞോ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ടതില്ലെന്നും ഐശ്വര്യ പറഞ്ഞു.ലാല്‍സലാമില്‍ അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ലാല്‍സലാം വെള്ളിയാഴ്ച ആണ് തിയേറ്ററുകളില്‍ എത്തുന്നത്.
അതേസമയം രജനി ചിത്രങ്ങളുടെ പതിവ് ഹൈപ്പില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ഐശ്വര്യ മറുപടി നല്കി. എഴുത്തിന്റെ ശക്തിയെ എനിക്ക് ബഹുമാനിക്കുകയും അതിനെ വിശ്വസിക്കുകയും ചെയ്യുന്നു. കാണികളുടെ അഭിപ്രായമാണ് ചിത്രത്തിന്റെ ഭാവിയെന്നും ഐശ്വര്യ പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുത്തതിനു പിന്നാലെയാണ് രജനികാന്തിനെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് എത്തിയത്. ഇതിനെതിരെയുള്ള ഐശ്വര്യയുടെ പ്രതികരണമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.