വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് വ്യാപിക്കുന്നു. അമേരിക്കയും ബ്രിട്ടനും നേരിട്ട് ആക്രമണങ്ങളില്‍ പങ്കെടുത്തതോടെ ഇസ്രായേല്‍ ഹമാസ് യുദ്ധം ഇറാന് അമേരിക്കയും-ഇറാനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി മാറാനുള്ള സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഇറാന് പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ വെള്ളിയാഴ്ച രാത്രി അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ ‘ആദ്യ റൗണ്ട്’ മാത്രമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്തുടരുമെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി. ജോര്‍ദ്ദാനില്‍ മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയ മാരകമായ ആക്രമണത്തിനുള്ള പ്രതികാരമായിരുന്നു വെള്ളിയാഴ്ച ഇറാക്കിലെയും സിറിയയിലെയും ടെഹ്റാന് പിന്തുണയുള്ള ഗ്രൂപ്പുകളെ ലക്ഷ്യംവെച്ച് യുഎസ് നടത്തിയ ആക്രമണം. പ്രത്യാക്രമണം നടത്തി ഒരു ദിവസത്തിനുശേഷം, യുഎസും യുണൈറ്റഡ് കിംഗ്ഡവും സംയുക്ത നടപടിയില്‍ ശനിയാഴ്ച വൈകീട്ടാണ് ഇറാന് അനുകൂലികളായ യെമനിലെ ഹൂതികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.
സൈനികര്‍ കൃത്യമായ ലക്ഷ്യത്തില്‍ തന്നെയാണ് ആക്രമണം നടത്തിയത്. അതില്‍ യുഎസിന് നല്ല ഫലമുണ്ടായെന്ന് പെന്റഗണ്‍ വിശ്വസിക്കുന്നുവെന്ന് ‘ഫോക്സ് ന്യൂസ് സണ്‍ഡേ’ യില്‍ സംസാരിക്കുമ്പോള്‍, കിര്‍ബി പറഞ്ഞു. ‘തീര്‍ച്ചയായും ഭാവിയിലെ സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, വെള്ളിയാഴ്ച രാത്രി നിങ്ങള്‍ കണ്ടത് ആദ്യ റൗണ്ട് മാത്രമായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടാകും. ഐആര്‍സിസി(ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്) ക്കും അവര്‍ പിന്തുണയ്ക്കുന്ന ഈ ഗ്രൂപ്പുകള്‍ക്കുമെതിരെ അഡ്മിനിസ്ട്രേഷന് സ്വീകരിക്കുന്ന കൂടുതല്‍ പ്രതികരണ നടപടികളെന്തെന്ന് വെളിപ്പെടുത്താതെ കിര്‍ബി പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ ഇറാന് പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ കൂടുതല്‍ ആക്രമണം നടത്താനാണ് യുഎസ് ഉദ്ദേശിക്കുന്നതെന്ന് എന്‍ബിസി ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന് പറഞ്ഞു. ”നമ്മുടെ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ നമ്മുടെ സൈന്യം ആക്രമിക്കപ്പെടുമ്പോള്‍ അമേരിക്ക പ്രതികരിക്കുമെന്ന വ്യക്തമായ സന്ദേശം നല്‍കുന്നത് തുടരാന്‍ കൂടുതല്‍ ആക്രമണങ്ങളും അധിക നടപടികളും സ്വീകരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു,” സള്ളിവന് ഞായറാഴ്ച എന്‍ബിസിയുടെ ”മീറ്റ് ദി പ്രസ്” പ്രോഗ്രാമിനോട് പറഞ്ഞു.