മാസ് മസാല പ്രതീക്ഷിച്ചു വന്നവരുടെ വിമർശനങ്ങൾക്കൊടുവിൽ മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ. എന്താണ് സിനിമയെന്നതിന്റെ വ്യക്തമായ ഒരു ചിത്രം നൽകുന്ന പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ അടക്കമുള്ള താരങ്ങൾ.
‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’ എന്ന തലക്കെട്ടിലാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയെ കുറിച്ച് പ്രേക്ഷകർക്ക് ഒരു മുന്നറിയിപ്പ് നൽകാണാനാണ് അണിയറപ്രവർത്തകർ ഇത്തരത്തിൽ ഒരു പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ കഥയും മറ്റും അറിയാതെ ഒരു വലിയ മാസ് മസാല ചിത്രം പ്രതീക്ഷിച്ച് തിയേറ്ററിൽ വരുന്നവർക്ക് ഒരുപക്ഷെ മോശം അഭിപ്രായം ഉണ്ടാകാം. അതിനെ മറികടക്കാൻ ഇത്തരത്തിൽ ഒരു പോസ്റ്റർ സഹായിക്കും എന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ.
തുടക്കം മുതൽക്കേ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ പ്രമോഷൻ സമയത്ത് ടിനു പാപ്പച്ചൻ അടക്കമുള്ളവർ നൽകിയ അമിത പ്രതീക്ഷയും പോസ്റ്ററുകളിലെ അമാനുഷികത്വവും എല്ലാം വൻ ഹൈപ്പ് നൽകിയതോടെയാണ് സിനിമയിൽ മാസ് പ്രതീക്ഷയുമായി ആദ്യദിനം തന്നെ പ്രേക്ഷകരെത്തിയത്.