ഗാസ: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പുറത്ത് വരുന്നത് ലോകത്തിന്റെ നെഞ്ചുലയ്ക്കുന്ന വിവരങ്ങള്‍. ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്പത് ശതമാനത്തിലേറെ പേര് കുട്ടികളാണെന്നും ഏകദേശം 10,000ല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒട്ടനവധി ആളുകളെയാണ് കെട്ടിടം തകര്‍ന്ന് കാണാതായത്. ഇവരില്‍ നല്ലൊരു വിഭാഗം ആളുകളെ കണ്ടെത്താനും സാധിച്ചിട്ടില്ല. ഇവരുടെ മരണം സ്ഥിരീകരിക്കാത്തതിനാലാണ് കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്താത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യോമാക്രമണത്തിലുള്പ്പടെ കൈകാലുകള്‍ നഷ്ടപ്പെട്ട കുട്ടികളും ഏറെയാണ്. ഇത് എത്രപേരുണ്ടെന്ന് ഇനിയും റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്രദേശത്തെ 370 സ്കൂളുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 135 പാലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും 312 പേര്‍ക്ക് പരിക്കേറ്റെന്നും ഗാസ ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഗാസയിലെ മധ്യ-ദക്ഷിണ മേഖലയിലാണ് ഇപ്പോള്‍ യുദ്ധം രൂക്ഷമായി തുടരുന്നത്.
ഇതുവരെ ഗാസയില്‍ 23,845 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപതിനായിരത്തിലധികം പേര്‍ക്കാണ് യുദ്ധത്തില്‍ പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായ ജനങ്ങളാണ്. അവശ്യസാധനങ്ങള്‍ ലഭിക്കാതായതോടെ ഇവിടെ പട്ടിണിയും പകര്‍ച്ചവ്യാധിയും മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച പരാതിയ്ക്ക് പിന്നാലെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇസ്രയേല്‍ എങ്ങനെയാകും വംശഹത്യയുടെ ആരോപണങ്ങള്‍ നേരിടുക എന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.