സന: തുടർച്ചയായ രണ്ടാം ദിനവും യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. യമൻ തലസ്ഥാനമായ സനയിലും തീരനഗരമായ ഹുദൈദയിലാണ് ആക്രമണം രൂക്ഷമായത്. ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഹൂതികള്‍. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലിൽ നിന്ന് വിട്ടുനിൽക്കാൻ അമേരിക്കൻ നാവികസേന ആവശ്യപ്പെട്ടു.
എന്നാൽ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ മരിച്ചതായോ വ്യക്തമല്ല. യു.എസിന്റെ വിമാനങ്ങള്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും യു.എസ്,യു.കെ വിമാനങ്ങള്‍ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണം നടത്തിയെന്നും 30 ഓളം ഇടങ്ങളാണ് ലക്ഷ്യം വെച്ചതെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹുദൈദ, സന തുടങ്ങി പത്തിടങ്ങളിൽ അമേരിക്കയും ബ്രിട്ടു ബോംബിട്ടിരുന്നിരുന്നു. ഇതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്. യമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ബ്രിട്ടെൻറയും നേതൃത്വത്തിൽ നടന്ന ആക്രമണത്തോടെ പശ്ചിമേഷ്യ കൂടുതൽ പ്രക്ഷുബ്ധമായി. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഹൂതികളുടെ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ചരക്കുകപ്പലുകളും ചെങ്കടൽ വഴിയുള്ള സഞ്ചാരം അവസാനിപ്പിച്ചു.
അഞ്ചു സൈനികരുടെ മരണത്തിനും ആറ് പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ആക്രമണത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന് ഹൂതികൾ ആവർത്തിച്ചു. ഫലസ്തീൻ ജനതക്കുള്ള പിന്തുണ ആവർത്തിച്ച ഹൂതികൾ, ഇസ്രായേലിന്റെ കപ്പൽസേവനം മാത്രമാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്നും കുറ്റപ്പെടുത്തി. എന്നാൽ സ്വന്തം സൈനികരെയും അന്താരാഷ്ട്ര ചരക്കുനീക്കവും സംരക്ഷിക്കുന്നതിന് കൂടുതൽ ആക്രമണത്തിന് മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യെമനിലെ ഹൂതികൾ ഭീകര സംഘടനയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
സ്വയം പ്രതിരോധത്തിനുള്ള പരിമിതവും അനിവാര്യവുമായ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. നെതർലൻഡ്സ്, ആസ്ട്രേലിയ, കാനഡ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ആക്രമണത്തിന് സഹായം നൽകിയതായി ജോ ബൈഡൻ പറഞ്ഞു. എന്നാൽ അമേരിക്കൻ അഭ്യർഥന നിരസിച്ചതായി ഇറ്റലി പ്രതികരിച്ചു. യമനിലെ ആക്രമണത്തിനു പിന്നാലെ എണ്ണവില നാലു ശതമാനത്തിലധികം ഉയർന്നു. തുർക്കിയയിലേക്ക് പോവുകയായിരുന്ന എണ്ണ ടാങ്കർ വ്യാഴാഴ്ച ഒമാൻ തീരത്തിനു സമീപംവെച്ച് ഇറാൻ പിടിച്ചെടുത്തതും സംഘർഷത്തിന് ആക്കം കൂട്ടി. യമനിലെ അമേരിക്ക-ബ്രിട്ടൻ സംയുക്ത വ്യോമാക്രമണത്തെ ഒമാൻ അപലപിച്ചു.