ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തെത്തുടര്‍ന്ന് ഇന്ത്യയുമായി ബന്ധം വഷളായതിന് പിന്നാലെ മാലിദ്വീപ് പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യം. പ്രസിഡന്റ് മുഹമ്മദ് മൊയിസുവിനെ പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാലിദ്വീപ് പാര്‍ലമെന്ററി മൈനോറിട്ടി നേതാവ് അലി അസിം ആവശ്യപ്പെട്ടു.
പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടു വരുന്നതിന് അടക്കം പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് നടപടി സ്വീകരിക്കണമെന്ന് അലി അസിം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിദേശനയത്തെ അട്ടിമറിക്കുന്നത് തടയണം. ഏതെങ്കിലും അയല്‍രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. അതിനാല്‍ ജനാധിപത്യവാദികള്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് അലി അസിം ആവശ്യപ്പെട്ടു.
മാലി വിദേശകാര്യമന്ത്രി മൂസ സമീറിനെ പാര്‍ലമെന്റില്‍ വവിളിച്ചു വരുത്തണമെന്ന് മറ്റൊരു എംപി മീകെയില്‍ നസീം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ ബഹിഷ്കരിച്ചാല്‍ മാലി സമ്പദ് വ്യവസ്ഥ കനത്ത വിലനല്‍കേണ്ടി വരുമെന്ന് എംഡിപി നേതാവ് അഹമ്മദ് മഹലൂഫ് മുന്നറിയിപ്പ് നല്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശത്തെ മാലിദ്വീപ് അസോസിയേഷന് ഓഫ് ടൂറിസം ഇന്‍ഡസ്ട്രി ശക്തമായി അപലപിച്ചു. മാലിയുടെ ഏറ്റവും അടുത്ത അയല്‍പക്കക്കാരനും സഖ്യകക്ഷിയുമാണ് ഇന്ത്യ. മുന്‍കാലങ്ങളില്‍ വളരെയേറെ പ്രതിസന്ധികള്‍ നേരിട്ടങ്ങള്‍ വലിയതോതില്‍ സഹായിച്ച രാജ്യമാണ് ഇന്ത്യ.
ഇന്ത്യന്‍ സര്‍ക്കാരുമായും ജനങ്ങളുമായും മാലിജനത നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് തകര്‍ന്ന മാലിദ്വീപിലെ ടൂറിസം രേഗം കരകയറാന്‍ ഇന്ത്യ നല്കിയ സഹായം വിലമതിക്കാനാകാത്തതാണെന്നും മാലിദ്വീപ് അസോസിയേഷന് ഓഫ് ടൂറിസം ഇന്‍ഡസ്ട്രി അഭിപ്രായപ്പെട്ടു. മോദിക്കെതിരായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരെ മാലി ഭരണകൂടം സസ്പെന്‍ഡ് ചെയ്തിരുന്നു.