മാലെ: വിവാദങ്ങൾക്കിടെ ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി മാലദ്വീപ്. ചൈനയുമായുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു ബെയ്ജിങ്ങിൽ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം കുറയ്ക്കാൻ മാലദ്വീപ് പ്രസിഡന്റിനുമേൽ സമ്മർദം വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ സൈനിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ചൈനയ്ക്ക് മാലദ്വീപിന്റെ സഹായം കൂടിയേ തീരൂ. എന്നാൽ, ആരോപണങ്ങൾ ചൈന നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും മാലദ്വീപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ചൈനീസ് ഭാഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് സഹമന്ത്രിമാർ അപകീർത്തി പരാമർശങ്ങൾ നടത്തിയതിനു പിന്നാലെ രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോയ്ക്കോട്ട് മാലദ്വീപ് ഹാഷ് ടാഗുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യക്ക് പുറത്തുനിന്നുള്ള വിനോദസഞ്ചാരികളും മാലദ്വീപിനെ കൈവിടുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ലക്ഷദ്വീപ് ലക്ഷ്യമിട്ടുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി കമ്പനികളും അവകാശപ്പെടുന്നുണ്ട്.