ധാക്ക: പ്രതിപക്ഷം ബഹിഷ്കരിച്ച ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ 40- ശതമാനം പോളിങ്. ഞായർ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് ഒറ്റപ്പെട്ട ആക്രമണങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. 300ൽ 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച മണ്ഡലത്തിൽ പിന്നീട് വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പ് പൂർത്തിയായതോടെ ഞായർ രാത്രിതന്നെ വോട്ടെണ്ണൽ തുടങ്ങി.
പ്രധാന പ്രതിപക്ഷ പാർടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി 12–-ാം പൊതുതെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ശനിമുതൽ വോട്ടെണ്ണൽ തീരുംവരെ 48 മണിക്കൂർ രാജ്യവ്യാപക സമരവും പ്രഖ്യാപിച്ചു. ഇതും വോട്ടിങ് ശതമാനത്തിലെ കുറവിന് കാരണമായി. മത്സരിച്ച 27 പാർടികളിൽ ഒരു പ്രതിപക്ഷ പാർടി മാത്രമാണുണ്ടായത്. രാഷ്ട്രീയ പാർടികളുടെ 1500 സ്ഥാനാർഥികളും 436 സ്വതന്ത്രരും മത്സരിച്ചു. ധാക്ക സിറ്റിയിലെ പോളിങ് സ്റ്റേഷനിൽ പ്രധാനമന്ത്രി ഷേഖ് ഹസീന രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. തിങ്കളാഴ്ച ഫലം പുറത്തുവരുമ്പോൾ ഇവർക്ക് തുടർച്ചയായ നാലാംവട്ടവും പ്രധാനമന്ത്രിപദത്തിൽ അവസരം ഒരുങ്ങുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബഹുഭൂരിപക്ഷം ജനങ്ങളും. പരാജയം ഭയന്നാണ് ബിഎൻപി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതെന്ന് ഭരണപക്ഷം പരിഹസിച്ചു.