ദുബായ് : ബഹിരാകാശത്ത് ചരിത്രം കുറിച്ച ബഹിരാകാശ ശാസ്ത്രജ്ഞൻ സുൽത്താൻ നെയാദി ഇനി യുഎഇയുടെ യുവജനകാര്യ മന്ത്രി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആറു മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് സുൽത്താൻ നെയാദിയും മറ്റ് ശാസ്ത്രജ്ഞരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തിരിച്ചെത്തിയത്. പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരമാനമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തു വ്യക്തമാക്കി.
“സുൽത്താൻ അൽ നെയാദി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തെ സേവിച്ചു. ആറുമാസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബ് പൗരൻ. യുവജനങ്ങളുടെ പ്രശ്നങ്ങൾ അറിയുന്ന വ്യക്തിയാണ് അദ്ദേഹം. അവരെ സേവിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധാലുവാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.”
സുൽത്താൻ അൽ നെയാദിക്ക് ആശംസകൾ നേർന്ന ഷെയ്ഖ് മുഹമ്മദ് പുതിയ ഉത്തരവാദിത്വത്തിന് പുറമേ അദ്ദേഹം ബഹിരാകാശവും ശാസ്ത്രവുമായി ബന്ധപ്പെട്ട തന്റെ ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.