ബൈയ്റൂത്ത്: ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രണമത്തിൽ മുതിർന്ന ഹമാസ് നേതാവടക്കം നാലുപേർ കൊല്ലപ്പെട്ടു. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ ആറൂറിയാണ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ലയുടെ അൽ-മനാർ ടെലിവിഷൻ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു.
ഹാദി നസ്റല്ല ഹൈവേക്ക് സമീപം ജംഗ്ഷനോട് ചേർന്നാണ് സ്ഫോടനമുണ്ടായത്. തിരക്കേറിയ പ്രദേശത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാലിഹ് അൽ അരൂരി വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ നേതാവാണ്. ഇസ്രായേൽ ജയിലുകളിൽ നിരവധി തവണ തടവ് അനുഭവിച്ച ഇദ്ദേഹം 2010ലാണ് ജയിൽ മോചിതനായത്.
പിന്നീട് സിറിയയിലേക്ക് മാറി. അവിടെനിന്ന് തുർക്കിയിലെത്തി. പിന്നീടാണ് ലെബനാനിലെത്തുന്നത്. ഇവിടെനിന്നായിരുന്നു അദ്ദേഹം വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇറാനുമായും ലെബനാനിലെ ഹിസ്ബുല്ലയുമായും ഏറ്റവും അടുത്ത ബന്ധമുള്ള ഹമാസ് നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഒക്ടോബർ ഏഴിലെ ആക്രമണത്തെത്തുടർന്ന് ആറൂറി ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഒക്ടോബർ 30ന് വെസ്റ്റ്ബാങ്കിലെ അരൂരയിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വീട് ഇസ്രായേൽ തകർക്കുകയുണ്ടായി.
ഒക്ടോബർ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങൾ പുറംലോകത്തോട് പങ്കുവെച്ചത് ആറൂരിയായിരുന്നു. ഹമാസ് നേതാക്കളിൽ ഇസ്രായേൽ കൊലപ്പെടുത്തുന്ന അവസാനത്തെയാളാണ് ആറൂറി. 2010ലാണ് ഹമാസ് പോളിറ്റ് ബ്യൂറോ അംഗമാകുന്നത്. 2017 ഒക്ടോബർ മുതൽ ഡെപ്യൂട്ടി ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു. അവസാന കാലഘട്ടത്തിൽ ലെബനാനിലായിരുന്നു പ്രവർത്തന കേന്ദ്രം. വെസ്റ്റ് ബാങ്കിൽ ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപക കമാൻഡറാണ്. 2011ൽ ഇസ്രായേലി സൈനികൻ ഗിലാദ് ഷാലിത്തിനെ മോചിപ്പിക്കുന്നതിന് പകരം യഹിയ സിൻവാർ, റൗഹി മുഷ്താഹ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 1027 ഫലസ്തീനികളെ ജയിൽ മോചിതരാക്കാൻ നടത്തിയ ചർച്ചകൾക്കും അൽ ആറൂറി നേതൃത്വം നൽകി. ഫലസ്തീനിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ഫതഹുമായുള്ള അനുരഞ്ജന ചർച്ചകളിലും ഹമാസിന്റെ പ്രതിനിധിയായി അദ്ദേഹമുണ്ടായിരുന്നു.