റിയാദ് : സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 9,542 വിദേശികളെ നാടുകടത്തി. രാജ്യത്ത് താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയില്‍ നിയമം ലംഘിച്ചതിന് ഒരാഴ്ച്ചക്കിടെ 18,553 പേരെ അറസ്റ്റ് ചെയ്തതായും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച്, താമസ നിയമങ്ങള്‍ ലംഘിച്ചതിന് 11,503 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, 4,315 പേര് അനധികൃത അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനും 2,735 പേരെ തൊഴില്‍ സംബന്ധമായ നിയമലംഘനങ്ങള്‍ക്കും അറസ്റ്റ് ചെയ്തു.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 1,121 പേരില്‍ 28 ശതമാനം യെമനികളും 70 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 73 പേരെ പിടികൂടി, നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും 12 പേരെ കസ്റ്റഡിയിലെടുത്തു.
46,077 നിയമ ലംഘകരുടെ കേസുകള്‍ യാത്രാരേഖകള്‍ ലഭിക്കാന്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. 1,808 നിയമലംഘകരെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ ശുപാര്‍ശ ചെയ്തു. 9,542 നിയമലംഘകരെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യമൊരുക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.