റാമള്ള : ഗാസ പലസ്തീന്റെ അവിഭാജ്യ ഭാഗമാണെന്നും അവിടേക്കുള്ള ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കണമെന്നും പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. കൂട്ടക്കൊല അവസാനിപ്പിക്കാൻ അമേരിക്ക സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു. റാമള്ളയിൽ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി കുടിക്കാഴ്ച നടത്തുകയായിരുന്നു അബ്ബാസ്. ഇസ്രയേൽ–- പലസ്തീൻ പ്രശ്നം അവസാനിപ്പിക്കാൻ ഏക വഴി ഇരുരാഷ്ട്ര സ്ഥാപനമാണെന്നും ഇതിനായി അമേരിക്ക ഇസ്രയേലുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇത് ഇരുരാഷ്ട്ര സ്ഥാപനം ചർച്ച ചെയ്യേണ്ട സമയമല്ലെന്ന് ഇസ്രയേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് പ്രതികരിച്ചു. അടിയന്തര വെടിനിർത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടൻ, ഓസ്ട്രേലിയ, ക്യാനഡ, ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും അന്താരാഷ്ട്ര ഏജൻസികളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
മൂന്നു ദിവസത്തിലേറെയായി വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടത്തിവന്ന ആക്രമണം ഇസ്രയേൽ വെള്ളിയാഴ്ചയാണ് അവസാനിപ്പിച്ചത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ യുഎൻ സ്കൂളിൽ 33 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയാക്കിയ രണ്ട് ഇസ്രയേൽ സൈനികരുടേതടക്കം മൂന്ന് മൃതദേഹം ലഭിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. അതിനിടെ, ഇസ്രയേലിൽനിന്ന് ഗാസയിലേക്ക് ചരക്ക് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന കാരെം അബു സലെം ഇടനാഴി തുറക്കാൻ ഇസ്രയേൽ അനുമതി നൽകി.