ടോക്കിയോ : വടക്കന്‍ ജപ്പാനിലെ കടല്‍ത്തീരത്ത് മത്തിയും അയലയും ഉള്‍പ്പെടെ ടണ്‍ കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ആശങ്കപടര്‍ത്തി. വ്യാഴാഴ്ച രാവിലെയാണ് ജപ്പാനിലെ ഏറ്റവും വടക്കേയറ്റത്തെ പ്രധാന ദ്വീപായ ഹോക്കൈഡോയിലെ ഹകോഡേറ്റില്‍ മത്സ്യങ്ങള്‍ ഒഴുകിയെത്തിയത്.
ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുള്ള തീരത്ത് ഒരു കമ്പിളിപ്പുതപ്പ് പോലെയാണ് മീനുകള്‍ അടിഞ്ഞത്. ഇതുപോലൊരു സംഭവം ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സമാനമായ പ്രതിഭാസങ്ങളെക്കുറിച്ച് താന്‍ മുമ്പ് കേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായിട്ടാണ് കാണുന്നതെന്ന് ഹക്കോഡേറ്റ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഗവേഷകനായ തകാഷി ഫുജിയോക്ക പറഞ്ഞതായി ജപ്പാന് ടുഡേ റിപ്പോര്‍ട്ട് പറഞ്ഞു.
നാട്ടുകാര്‍ മത്സ്യം ശേഖരിച്ച് വില്ക്കാന് തുടങ്ങിയതോടെ അധികൃതര്‍ മത്സ്യം കഴിക്കരുതെന്ന് താമസക്കാരോട് മുന്നറിയിപ്പ് നല്കി. ദുരൂഹമായ സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അറിവായിട്ടില്ലെങ്കിലും, വിദഗ്ധര്‍ ചില കാരണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫുകുഷിമ ആണവനിലയത്തില്‍ നിന്ന് ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം പുറത്തുവിടുന്നതാണ് കാരണമെന്നും അഭ്യൂഹങ്ങളുണ്ട്.