ജെറുസലേം : ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടിയില്ല. വെടിനിര്‍ത്തല്‍ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇസ്രയേല്‍ സൈന്യം സൈനിക നടപടികള്‍ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചതായി ഇസ്രയേല്‍ സൈന്യം കുറ്റപ്പെടുത്തി.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് നവംബര്‍ 24 മുതല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആദ്യം നാലു ദിവസത്തേക്കായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്നീട് കൂടുതല്‍ ദിവസത്തേക്ക് നീട്ടുകായയിരുന്നു.
വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് തൊട്ടു പിന്നാലെ ഗാസയില്‍ വീണ്ടും വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണക്കാരെ ഒരു കാരണവശാലും ആക്രമിക്കരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറിലേറെ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ജയിലുകളിലുണ്ടായിരുന്ന 240 പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു. വിട്ടയച്ചതില്‍ കൂടുതലും സ്്ത്രീകളും കുട്ടികളുമാണ്. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.