ഗാസ : വെടിനിർത്തലിന്റെ അഞ്ചാംദിനത്തിൽ വടക്കൻ ഗാസയിലെ ഒന്നിലധികം ഇടങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും ഏറ്റുമുട്ടൽ. ഹമാസ് വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നെന്നാണ് ഇസ്രയേൽ വാദം. നിരവധി സൈനികർക്ക് പരിക്കേറ്റതായും പറഞ്ഞു. എന്നാൽ, ഇസ്രയേൽ സൈന്യമാണ് ഏറ്റുമുട്ടൽ തുടങ്ങിവച്ചതെന്ന് ഹമാസ് ആരോപിച്ചു. ഇസ്രയേൽ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുകയാണെന്ന് ഹമാസ് നേരത്തെയും ആരോപിച്ചിരുന്നു. സൈന്യത്തെ ആക്രമിച്ച ഹമാസിനെ തകർക്കണമെന്ന് ഇസ്രയേൽ സുരക്ഷാമന്ത്രി ഇതാമർ ബെൻ ഗീർ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ ധാരണയിലെത്തിയ നാലുദിന വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ ബുധൻവരെ കടന്നാക്രമണം നിർത്തിവയ്ക്കാമെന്ന് ഇസ്രയേൽ സമ്മതിച്ചു. ആദ്യ കരാർപ്രകാരം ഇസ്രയേലുകാരായ 50 ബന്ദികളെ ഹമാസും പലസ്തീൻകാരായ 150 തടവുകാരെ ഇസ്രയേലും വിട്ടയച്ചു. തിങ്കളാഴ്ച വൈകി നടന്ന നാലാംഘട്ട കൈമാറ്റത്തിൽ ഹമാസ് 11 ഇസ്രയേലുകാരെയും ഇസ്രയേൽ 33 പലസ്തീൻകാരെയുമാണ് വിട്ടയച്ചത്. പത്തുവീതം ബന്ദികളെ ഹമാസ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി വിട്ടയക്കുമെന്നാണ് പുതിയ ധാരണ. ഇസ്രയേൽ എത്രപേരെ വിട്ടയക്കുമെന്നതിൽ വ്യക്തതയില്ല. ഗാസയിലേക്ക് അടിയന്തര സഹായവുമായി എത്തിയ ട്രക്കുകൾ ഇസ്രയേൽ തടഞ്ഞതായും റിപ്പോർട്ടുണ്ട്.
അമേരിക്കൻ ചാരസംഘടന സിഐഎയുടെ മേധാവി ബിൽ ബേൺസ് ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ മേധാവി ഡേവിഡ് ബാർനിയയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധം ആരംഭിച്ചതുമുതൽ മൂന്നാംതവണയാണ് ഡേവിഡ് ബാർനിയ ദോഹ സന്ദർശിക്കുന്നത്. ബിൽ ബേൺസ് നേരത്തേ ഇസ്രയേലിലെത്തി പിന്തുണ അറിയിച്ചിരുന്നു.