ഗാസ : ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചത് 14,854 പലസ്തീനികള്‍. ഇതില്‍ കൂടുതല്‍ കുട്ടികളാണ്. 5, 850 കുട്ടികളാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള പലസ്തീന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ബന്ദികളാക്കിയവരില്‍ ചെറിയ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉണ്ട്. ഇതില്‍ തായ്, നേപ്പാള്‍ പൗരന്മാരും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഗാസയിലെ ആശയവിനിമയ സംവിധാനം പലപ്പോഴും കാര്യക്ഷമമല്ലാത്തിനാല്‍ കൃത്യമായ വിവരശേഖരണം നടക്കുന്നില്ലെന്നും യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് മേധാവി മാര്ട്ടിന് ഗ്രിഫിത്ത്സ് പറഞ്ഞു.
ബന്ദികളാക്കിയവരില്‍ 13 സ്ത്രീകളെയും കുട്ടികളെയും വൈകുന്നേരം 4 മണിക്ക് മോചിപ്പിക്കും. ഇന്ത്യന്‍ സമയം ഏകദേശം രാവിലെ 10.30 ഓടുകൂടി ഇസ്രയേല്‍ ഗാസയില്‍ നാല് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം വെടിനിര്‍ത്തല്‍ പിന്‍വലിക്കുന്ന തൊട്ടടുത്ത നിമിഷം തന്നെ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. 240 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.