ടെല്‍ അവീവ്: ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇസ്രയേല്‍-ഹമാസ് ധാരണ വൈകും. വെള്ളിയാഴ്ചയ്ക്ക് മുമ്പ് ബന്ദികളെ വിട്ടയയ്ക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.ഹമാസും ഖത്തറും കരാറില്‍ ഒപ്പിട്ടില്ലെന്നും ഇസ്രയേല്‍ പറയുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പ്രാബല്യത്തില്‍ വന്നിട്ടില്ല. നേരത്തെ, നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ദിനങ്ങളില്‍ 50 ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസും 150 പലസ്തീകാരെ പുറത്തുവിടാന്‍ ഇസ്രയേലും തത്വത്തില്‍ സമ്മതിച്ചിരുന്നു.വെടിനിര്‍ത്തല്‍ കാലയളവില്‍, ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും ആരെയും ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഖത്തര്‍, യുഎസ്, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമമായിരുന്നു ഫലം കണ്ടത്. എന്നാല്‍ കരാറിന്റെ അര്‍ഥം യുദ്ധം അവസാനിച്ചുവെന്നല്ല എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിന്റെ ഉന്മൂലനം പൂര്‍ത്തിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.