ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് താത്ക്കാലിക വിരാമം. നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. പകരം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.സ്ത്രീകളെയും കുട്ടികളെയും ആകും മോചിപ്പിക്കുക.
ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 150 പലസ്തീന് സ്ത്രീകളെയും 19 വയസിന് താഴെയുള്ളവരെയും മോചിപ്പിക്കും. ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും മാനുഷിക സഹായവും വൈദ്യസഹായവും ഇന്ധന സഹായവും അനുവദിക്കും. വെടിനിര്‍ത്തല്‍ കാലയളവില്‍, ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും ആരെയും ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ശ്രമങ്ങളാണ് ഫലം കണ്ടത്.
എന്നാല്‍ കരാറിന്റെ അര്‍ഥം യുദ്ധം അവസാനിച്ചുവെന്നല്ല എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ ഉന്മൂലനം പൂര്‍ത്തിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.