ഗസ്സ: ഗസ്സയിൽ ആക്രമണം രൂക്ഷമായിരിക്കെ ഒരു വിഭാഗം ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ. കടുത്ത അഭിപ്രായഭിന്നത കാരണം പലവട്ടം യോഗം ചേർന്നാണ് കരാറിനെ പിന്തുണക്കാനുള്ള ഇസ്രായേൽ മന്ത്രിസഭാ യോഗ തീരുമാനം. നാല് ദിവസത്തെ വെടിനിർത്തലും 50 ബന്ദികളുടെ കൈമാറ്റവുമാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ അമേരിക്കൻ സൈനിക ആസ്ഥാനത്തിനു നേരെ നടന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി പെന്റഗൺ അറിയിച്ചു.
വെടിനിർത്തൽ കരാർ മിക്കവാറും ഇന്നുതന്നെ നടപ്പിലാകുമെന്നാണ് സൂചന. ബന്ദികൾക്ക് പകരമായി നാലു ദിവസത്തെ വെടിനിർത്തലും ഫലസ്തീൻ തടവുകാരുടെ മോചനവും ഇസ്രായേൽ അംഗീകരിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. അതേസമയം ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കരാറിന്റെ ഭാഗമാകേണ്ടതില്ലെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഇന്ന് കരാർ വ്യവസ്ഥകൾ പരസ്യപ്പെടുത്തുമെന്നാണ് വിവരം. ഒന്നര മാസത്തോളമായി തുടരുന്ന ആക്രമണം മൂലം കൊടും ദുരിതത്തിലായ ഗസ്സനിവാസികൾക്ക് താൽക്കാലിക വെടിനിർത്തൽ വലിയ സാന്ത്വനം പകരും. അതേസമയം കരാർ യുദ്ധാറുതിയല്ലെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
കരാർ വ്യവസ്ഥ വിപുലീകരിച്ചതിൽ ബൈഡന്റെ ഇടപെടലിന് നെതന്യാഹു നന്ദി പറഞ്ഞു. ഒരു മാസമായി ഖത്തറും മറ്റും മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ നിർദേശം അട്ടിമറിച്ചത് ഇസ്രായേലാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ആശുപത്രികളെ ബാരക്കുകളാക്കിയും ആയിരങ്ങളെ കൊന്നൊടുക്കിയും ഇസ്രായേൽ സേന തുടരുന്ന കൊടും ക്രൂരതകൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ നിർദേശത്തെ ഇറാൻ ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. കരാറിനെ പിന്തുണച്ചെങ്കിലും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ആക്രമണമാണ് ഇന്ന് വെളുപ്പിനും ഇസ്രായേൽ തുടർന്നത്. അൽശിഫക്കു പുറമെ ഇന്തൊനേഷ്യൻ ആശുപത്രിയും സൈനിക ബാരക്കുകളാക്കി മാറ്റിയതോടെ നൂറുകണക്കിന് രോഗികളും ആരോഗ്യപ്രവർത്തകരും മരണമുനമ്പിലാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പലരും ചോരവാർന്നു മരിക്കുന്ന സാഹചര്യമാണ്.