ന്യൂയോര്‍ക്ക് : ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. മേഖലയില്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി, മനുഷിക പരിഗണന കണക്കിലെടുത്ത് അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
സാധാരണക്കാരായ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനായി ഗാസയില്‍ ഉടനീളം തടസ്സങ്ങളില്ലാതെ മാനുഷിക ഇടനാഴി വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും ഉടന്‍ നിരുപാധികം മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
മാള്‍ട്ട തയ്യാറാക്കിയ പ്രമേയത്തെ 15 അംഗ രക്ഷാ കൗണ്‍സിലില്‍ 12 പേര് അനുകൂലിച്ച് വോട്ടു ചെയ്തു. പ്രമേയത്തെ ആരും എതിര്‍ത്തില്ല. എന്നാല്‍ റഷ്യ, അമേരിക്ക, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.
ഗാസയില്‍ യുഎന്‍ മനുഷ്യാവകാശ ഏജന്‍സികള്‍ക്കും, ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയ അത്യാവശ്യവസ്തുക്കളും സേവനങ്ങളും ലഭ്യമാക്കാന്‍ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഇടനാഴി ഒരുക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഗാസയിലെ അല്‍ശിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറിയ ഇസ്രയേല്‍ സേന ആശുപത്രിയിൽ പരിശോധന തുടരുകയാണ്.