തിരുവനന്തപുരം: അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി കേരള പൊലീസ്. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടി സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്കി.
അനധികൃത ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്റെ സൈബര്‍ പട്രോളിങ്ങിലാണ് നിയമവിരുദ്ധ ആപ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ ഓപ്പറേഷന് വിങ് ഐടി സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ലോണ്‍ ആപ്പുകളുടെ അന്വേഷണത്തിനായി 620 പൊലീസുകാര്‍ക്കാണ് പരിശീലനം നല്‍കിയത്. ലോണ്‍ ആപ്പ് തട്ടിപ്പ് അറിയിക്കാന്‍ പ്രത്യേക വാട്സ്ആപ്പ് നമ്പറും കേരള പൊലീസ് സജ്ജമാക്കിയിട്ടുണ്ട്. 9497980900 എന്ന നമ്പറില്‍ വിളിച്ച് പരാതി നല്കാന് കഴിയുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.