കറാച്ചി: മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര അതിർത്തി കടന്ന് പിടിയിലായ 80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ സർക്കാർ മോചിപ്പിച്ചു. പഞ്ചാബിലെ അമൃത്സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു.മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ പാകിസ്ഥാൻ അതിർത്തി കടക്കുകയായിരുന്നുവെന്ന് ജയിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ വാർത്താഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പാകിസ്ഥാൻ ജയിലുകളിൽ കഴിയുന്ന മറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കണമെന്ന് അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.”ഞങ്ങൾ കൊടുങ്കാറ്റിനിടെ അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നു. കഴിഞ്ഞ മൂന്നു വർഷമായി ഞങ്ങൾ ജയിലിലായിരുന്നു. ഞങ്ങൾ ആകെ 12 പേരുണ്ട്, ഇപ്പോൾ എല്ലാവരും മടങ്ങിയെത്തി’-മറ്റൊരാൾ പറഞ്ഞു.”ജയിലിൽ 184 ഇന്ത്യക്കാർ കൂടിയുണ്ട്. അവരെയും തിരികെ കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. അവരിൽ പലരും രോഗികളും മറ്റ് പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരുമാണ്’-അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങളുടെ ബോട്ടുകൾ വിട്ടുനൽകാൻ ഞാൻ സർക്കാരിനോട് ആവശ്യപ്പെടും. അവ വളരെ ചെലവേറിയതാണ്, ”മറ്റൊരു മത്സ്യത്തൊഴിലാളി പറഞ്ഞു. “നാട്ടിലേക്ക് മടങ്ങുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മറ്റു ചിലരും ജയിലിൽ ഉണ്ട്. അവരെയും മോചിപ്പിക്കണം. പാകിസ്ഥാൻ നാവികർ പിടിച്ചെടുത്ത ഞങ്ങളുടെ ബോട്ടുകൾ വളരെ വിലയേറിയതാണ്. ഞങ്ങളുടെ ഉപജീവനമാർഗവുമാണ്, അത് തിരികെ നൽകണം’. മറ്റൊരു മത്സ്യത്തൊഴിലാളി കൂട്ടിച്ചേർത്തു.