ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ആശങ്ക അറിയിച്ച മോദി സമാധാനം പുനഃസ്ഥാപിക്കേണ്ടത് സുപ്രധാനമാണെന്ന് വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രധാനമന്ത്രി തന്നെയാണ് വിവരം പങ്കുവച്ചത്.
ഇസ്രയേൽ- ഹമാസ് സംഘർഷത്തേയും പശ്ചിമേഷ്യയിലെ പ്രതിസന്ധികളേയും കുറിച്ച് ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി. ഭീകരാക്രമണവും സംഘർഷവും സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. സംഘർഷം തടയുന്നതിനൊപ്പം മാനുഷിക സഹായങ്ങൾ ഉറപ്പാക്കുകയും വേണം. സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നത് ഏറെ സുപ്രധാനമാണ്.- മോദി കുറിച്ചു. ഇന്ത്യ – ഇറാൻ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി സ്വാഗതാർഹമാണെന്നും മോദി വ്യക്തമാക്കി.
അതിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച പലസ്തീന് പൗരന്മാരുടെ എണ്ണം 10000 കടന്നു. ഗാസയില്‍ മാത്രം 10,022 പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 4,104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പലസ്തീന് ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തു വിട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 152 പേരും മരിച്ചു. ഒക്ടോബര്‍ ഏഴിലെ സംഭവത്തിനു ശേഷമുള്ള ആക്രമണങ്ങളിലാണ് ഇത്രയും മരണം. ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടത്തിയത്.