ഹാംബര്‍ഗ്: ആയുധധാരിയായ ആള് അതിക്രമിച്ചു കയറിയതിനെത്തുടര്‍ന്ന് ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഇവിടെ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി.തോക്ക് കൈയിലേന്തിയ ഒരാള്‍ എയര്‍പോര്‍ട്ടിലേക്ക് അനുമതിയില്ലാതെ കാറോടിച്ചു കയറ്റുകയും കൈയിലിരുന്ന തോക്ക് കൊണ്ട് ആകാശത്തേക്ക് രണ്ടു പ്രാവശ്യം വെടി വയ്ക്കുകയുമായിരുന്നു. ബന്ദി സാഹചര്യമായാണ് പൊലീസ് ഇതിനെ കണക്കാക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം എട്ടോടെയാണ് എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ ഇന്ധനം നിറയ്ക്കാനായി പാര്‍ക്കു ചെയ്യുന്നിടത്തേക്ക് ഇയാള്‍ കാറോടിച്ചു കയറ്റിയതെന്ന് ഫെഡറല്‍ പൊലീസ് വക്താവ് തോമസ് ഗെര്ബെര്ട്ട് മാധ്യമങ്ങളോടു പറഞ്ഞു.വലിയ പൊലീസ് ഓപ്പറേഷനാണ് ഹാംബര്‍ഗ് വിമാനത്താവളത്തില്‍ നടന്നതെന്ന് ഹാംബര്‍ഗ് പൊലീസ് തങ്ങളുടെ എക്സ് അക്കൗണ്ടില്‍ കുറിച്ചു.അടിയന്തര സാഹചര്യം കണക്കിലെടുത്ത് തങ്ങളുടെ വലിയൊരു സംഘം എയര്പോര്ട്ടിലുണ്ടെന്നും ബന്ദി സാഹചര്യം സംശയിക്കുന്നുണ്ടെന്നും ഗെര്ബെര്ട്ട് കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ വിമാനത്താവളത്തിലേക്ക് വരാനുള്ളതും ഇവിടെ നിന്ന് പുറപ്പെടാനുള്ളതുമായ വിമാനങ്ങള്‍ റദ്ദാക്കുകയായിരുന്നു. മൊത്തത്തില്‍ 27 വിമാന സര്‍വീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.വെടിയുതിര്‍ത്ത ശേഷം അക്രമി കത്തുന്ന രണ്ട് കുപ്പികള്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞതായും പൊലീസ് പറഞ്ഞു.കാറില്‍ ഒരു കുട്ടിയുണ്ടായിരുന്നതായി പൊലീസ് വക്താവ് പറഞ്ഞു. എന്നാല്‍ കാറില്‍ രണ്ട് കുട്ടികളുണ്ടായിരുന്നതായി ജര്‍മന്‍ മാധ്യമമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയെക്കുറിച്ച് അക്രമിയുടെ ഭാര്യ തങ്ങളെ നേരത്തെ വിളിച്ച് അറിയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസവും ഭീഷണിയെത്തുടര്‍ന്ന് ഹംബര്‍ഗ് വിമാനത്താവളം അടച്ചിരുന്നു. ടെഹ്റാനില്‍ നിന്ന് ഹാംബര്‍ഗിലേക്ക് വരുന്ന വിമാനത്തിനു നേരെ ആക്രമണമുണ്ടാകുമെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്.