ന്യൂഡൽഹി :രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് സ്കൈ ബസ് എത്തുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പൂനെയില്‍ പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടയിലും ഷാര്‍ജ സന്ദര്‍ശിച്ചശേഷവും മന്ത്രി നിതിന്‍ ഗഡ്കരിയും ഇക്കാര്യം പറഞ്ഞിരുന്നു. പൂനെ, വാരണാസി, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളില്‍ സ്കൈ ബസ് ഓടിക്കാനാണ് പദ്ധതിയിടുന്നത്.
ഈ വര്‍ഷം തന്നെ ഗോവയില്‍ ട്രയല്‍ റണ്‍ നടത്താനാകുമെന്നാണ് ഗതാഗത മന്ത്രാലയം പ്രതിക്ഷിക്കുന്നത്. നേരത്തെ ഗോവയില്‍ സ്കൈ ബസ് പദ്ധതിയുണ്ടായിരുന്നെങ്കിലും ട്രയല്‍ റണ്‍ മാത്രമേ നടത്തിയിരുന്നുള്ളൂ. ആദ്യഘട്ടത്തില്‍ അഞ്ച് നഗരങ്ങളില്‍ ആരംഭിക്കുന്ന സ്കൈ ബസ് പദ്ധതി വിജയിച്ചാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും സര്‍വീസ് എത്തിയേക്കും. നഗരങ്ങളില്‍ ട്രാഫിക് ബ്ലോക്ക് ഇല്ലാതെ അതിവേഗ യാത്ര സാധ്യമാകും എന്നതാണ് സ്കൈ ബസ് സര്‍വീസിന്റെ പ്രധാന നേട്ടം. ഒരു ബോഗിയില്‍ 300 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിധത്തിലാണ് സ്കൈ ബസുകളുടെ പ്രവര്‍ത്തനം.
സ്കൈ ബസ് ട്രാക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നവയാണ് . ഇതില്‍ മൂന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ക്കാം. ബോഗിയുടെ മുകളില്‍ കൊളുത്തുകള്‍ ഉപയോഗിച്ച് ട്രാക്കില്‍ പിടിച്ചിരിക്കുന്ന ചക്രങ്ങളുണ്ട്. . സ്കൈ ബസിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടാനാകും. അടുത്തിടെ ഷാര്‍ജയില്‍ സ്കൈ ബസിന്റെ പരീക്ഷണ യാത്രയില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്തിരുന്നു . യുസ്കൈ ടെക്നോളജിയുടെ പൈലറ്റ് സര്ട്ടിഫിക്കേഷന് സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി പരീക്ഷണ യാത്ര നടത്തിയത്. സ്കൈ ടെക്നോളജി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി യുസ്കൈയുമായി ചേര്‍ന്ന് ഗഡ്കരി നിരവധി ചര്‍ച്ചകളും നടത്തിയിരുന്നു