ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) തിങ്കളാഴ്ച 26 സർവീസുകൾ റദ്ദാക്കി. കുടിശ്ശിക നൽകാത്തതിനെ തുടർന്ന് പാക്കിസ്ഥാൻ സ്റ്റേറ്റ് ഓയിൽ കമ്പനിക്ക് (പിഎസ്ഒ) ദേശീയ വിമാനക്കമ്പനിക്കുള്ള ഇന്ധന വിതരണം നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ക്വറ്റ, ബഹവൽപൂർ, മുൾട്ടാൻ, ഗ്വാദർ എന്നിവ ഉൾപ്പെടെ പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങളിൽ നിന്നുള്ള വിമാനസർവീസുകളാണ് റദ്ദാക്കിയത്. പിഐഎയുടെ ഇന്ധന ക്രമീകരണ പദ്ധതി പ്രകാരം കറാച്ചിയിൽ നിന്ന് മൂന്ന് വിമാനങ്ങൾ മാത്രമേ തിങ്കളാഴ്ച പുറപ്പെടുകയുള്ളൂ.ഇന്ധനം നൽകുന്നതിനായി എയർലൈൻ ഇതുവരെ 500 മില്യൺ രൂപ പിഎസ്ഒയ്ക്ക് നൽകിയിട്ടുണ്ടെന്നും ദിവസേന പണം നൽകുന്നുണ്ടെന്നും പിഐഎ വക്താവ് പറഞ്ഞു.സൗദി അറേബ്യ, കാനഡ, ചൈന, ക്വാലാലംപൂർ തുടങ്ങിയ ലാഭകരമായ റൂട്ടുകൾക്കായി പാക് എയർലൈൻസ് നിലവിൽ ഇന്ധനം വാങ്ങുന്നുണ്ട്. നേരത്തെ, പിഐഎ കുടിശ്ശിക അടയ്ക്കാത്തതിനാൽ ആഭ്യന്തര സർവീസുകൾ തടസപ്പെട്ടിരുന്നു.