ടെൽ അവീവ്: മരുന്നും ഭക്ഷണവും കുടിവെള്ളവും തീർന്ന ഗാസയിലേക്ക് റാഫ ഇടനാഴി തുറക്കാൻ ഈജിപ്റ്റ് സമ്മതിച്ചത് വൻ ആശ്വാസമായി. യു.എന്നിന്റേതടക്കം അവശ്യവസ്തുക്കളുമായി കാത്തു കിടക്കുന്ന ട്രക്കുകൾ ഇന്നു മുതൽ ഗാസയിലേക്ക് തിരിച്ചേക്കും. ആദ്യം 20 ട്രക്കുകൾ കടത്തിവിടും. 3000 ടൺ വസ്തുക്കളുമായി 200ലേറെ ട്രക്കുകളാണ് കാത്തുകിടക്കുന്നത്.
യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഫോൺ സംഭാഷണത്തെ തുടർന്നാണ് അതിർത്തി തുറക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ സിസി തയ്യാറായത്. സഹായമെത്തിക്കാൻ കഴിഞ്ഞ ദിവസം ഇസ്രയേൽ അനുവാദം നൽകിയിരുന്നു. എന്നാൽ ആശുപത്രികളിലെ ജനറേറ്ററുകൾക്കാവശ്യമായ ഇന്ധനം അനുവദിക്കുന്നതിനെ പറ്റി ഇസ്രയേൽ ഒന്നും പറഞ്ഞിട്ടില്ല. അവശ്യ വസ്തുക്കൾ ഹമാസിന് നൽകില്ലെന്നും ഹമാസ് അവ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്താൽ ട്രക്ക് നീക്കം നിറുത്തുമെന്നും കഴിഞ്ഞ ദിവസം യു. എസ് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേലിന് പുറത്തുനിന്ന് ഗാസയിൽ സഹായമെത്തിക്കാനുള്ള ഏക മാർഗമാണ് റാഫ അതിർത്തി.അതിനിടെ, ഹമാസിന്റെ നാഷണൽ സെക്യൂരിറ്റി ഫോഴ്സ് തലവൻ ജെഹാദ് ഹൈസനെയും കുടുംബത്തെയും ഇസ്രയേൽ വധിച്ചു. ഗാസ സിറ്റിയിലെ ഇയാളുടെ വീട് ബോംബിട്ട് തകർക്കുകയായിരുന്നു. ഹമാസിന്റെ പൊളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീല അൽ – ഷാന്തിയും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 68കാരിയായ ജമീല ഹമാസ് സഹസ്ഥാപകൻ അബ്ദുൾ അസീസ് അൽ – അൻതിസിയുടെ വിധവയാണ്.
ഹിസ്ബുള്ളയെ ചെറുക്കാൻ ലെബനൻ അതിർത്തിയിലും കൂടുതൽ സൈനികരെ ഇസ്രയേൽ വിന്യസിച്ചു .തങ്ങളുടെ പൗരന്മാരെല്ലാം ഉടൻ ലെബനൻ വിടണമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. 203 പേരെങ്കിലും ഹമാസിന്റെ ബന്ദികളായുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണത്തിൽ ആറ് പാലസ്തീനികൾ കൊല്ലപ്പെട്ടു. അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ ഇസ്രയേലിലെത്തി. പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ അനുവദിക്കാനുള്ള തീരുമാനത്തെ ഋഷി പ്രശംസിച്ചു. പാലസ്തീന് സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.
അതിദയനീയം ആശുപത്രിക്കാഴ്ച
അൽ – അഹ്ലി ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇന്നലെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റവരെ ഗാസ സിറ്റിയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്ക് മരുന്നില്ല. കൈകാലുകൾ നഷ്ടപ്പെട്ട് മുറിവുകൾ പഴുത്തൊലിക്കുന്ന അവസ്ഥയിലാണ് പലരും. രക്തത്തിൽ കുളിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ കിടത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടു.
പാലസ്തീനെ ഇന്ത്യ സഹായിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീന് സഹായം വാഗ്ദാനം ചെയ്തു. പാലസ്തീൻ അതോറിട്ടി പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണിലാണ് സംസാരിച്ചത്. മേഖലയിലെ ഭീകരത, അക്രമം, സുരക്ഷാ സാഹചര്യം എന്നിവയിൽ ഇന്ത്യയുടെ ആശങ്ക പങ്കുവച്ചെന്നും മോദി എക്സിലെ പോസ്റ്റിൽ അറിയിച്ചു.