കൊച്ചി : ‘ഹലോ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽനിന്നാണ്. നിങ്ങൾക്ക് വന്ന പാഴ്സലിൽ എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്.’ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഇത്തരം ഫോൺ കോൾ വന്നാൽ ശ്രദ്ധിക്കുക. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പുകാർ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായും അഭിനയിക്കുന്ന നാടകത്തിന്റെ ആദ്യ സീനാണിത്. പാഴ്സൽ ക്ലിയറൻസ് സമയത്ത് നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് വിളിച്ചയാൾ പറയും.
നിങ്ങളുടെ വിലാസത്തിലേക്ക് പാഴ്സൽ അയച്ച് ആരെങ്കിലും ചതിച്ചതാകാമെന്നും ആശ്വസിപ്പിക്കും. വിലാസം പരിശോധിക്കലാണ് അടുത്തത്. വള്ളിപുള്ളി തെറ്റാതെ നിങ്ങളുടെ വിലാസവും ആധാർ നമ്പറുമെല്ലാം ഉദ്യോഗസ്ഥൻ പറയും. തനിക്കുള്ള പാഴ്സൽ തന്നെയാണെന്ന് ആരും വിശ്വസിക്കും. അറസ്റ്റ് ഉണ്ടാകുമെന്ന ഭീഷണിയാണ് അവസാന അടവ്. ആരയച്ചാലും പാഴ്സലിൽ എംഡിഎംഎ കണ്ടെത്തിയതിന് നിങ്ങൾതന്നെയാണ് ഉത്തരവാദിയെന്ന് ഉദ്യോഗസ്ഥൻ കടുത്ത സ്വരത്തിൽ പറയും. അറസ്റ്റും തുടർനടപടികളും ഒഴിവാക്കാൻ പതിനായിരങ്ങളാണ് പിഴയായി ചോദിക്കുക. അക്കൗണ്ട് നമ്പറും നൽകും. ഇത്തരത്തിൽ പണം നഷ്ടമായവരുടെ പരാതികൾ വർധിക്കുന്നതായി സൈബർ വിദഗ്ധൻ ജിയാസ് ജമാൽ പറയുന്നു. പലരും അപമാനം ഭയന്ന് പരാതി നൽകാറില്ല. പാഴ്സലിൽ പിടികൂടിയെന്ന് പറയുന്ന മയക്കുമരുന്നുകളുടെ പേരുകളും പിഴയായി ആവശ്യപ്പെടുന്ന തുകയും മാറിക്കൊണ്ടിരിക്കും.
വിളിച്ച നമ്പർ പരിശോധിക്കുക
നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായും പറഞ്ഞ് നിങ്ങളെ വിളിച്ച നമ്പർ ശ്രദ്ധിക്കുക. ഇത് പൊലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെയോ നമ്പറാണോയെന്ന് ആദ്യം പരിശോധിക്കുക. അല്ലെന്ന് തെളിഞ്ഞാൽ ഉടനെ അടുത്തുള്ള സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലോ 1930 എന്ന നമ്പറിലോ വിളിച്ച് പരാതിപ്പെടുക.