ഗാസ സിറ്റി: ഗാസ സിറ്റിയിലെ അൽഅഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 500ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദികൾ ഹമാസ് തന്നെയാണെന്ന് ഇസ്രായേൽ ആവർത്തിച്ചു.
ആശുപത്രിക്ക് നേരെ ഉപയോഗിച്ച റോക്കറ്റുകളുടെ അവശിഷ്ടങ്ങൾ തങ്ങളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇസ്രായേലിന്റെ വക്താവ് ഡാനിയൽ ഹഗാരി പത്രസമ്മേളനത്തിൽ പറഞ്ഞു. ഹമാസ് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ മേഖലയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തുകയായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് ആശുപത്രിയേയും ലക്ഷ്യം വെച്ചത് എന്നുമാണ് ഹമാസ് പറയുന്നത്.രോഗികള്‍ക്ക് പുറമേ, ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി അഭയം തേടിയവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
അതേസമയം, ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. സൗദി, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് ആക്രമണത്തിനെതിരെ രംഗത്തെത്തിയത്.ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു, കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതിനിധി പ്രതികരിച്ചു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. കൂടാതെ ഗാസയ്ക്ക് 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി
കൂടാതെ, പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദാൻ തീരുമാനിച്ചു. ബൈഡൻ, കിംഗ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദൻ റദ്ദാക്കിയത്.